പീരുമേട്: തൊഴിലാളികൾ ശമ്പള കുടിശിക ചോദിച്ചതിന് പിന്നാലെ തോട്ടം ഉടമകൾ എസ്റ്റേറ്റ് അടച്ച് പൂട്ടി സ്ഥലം വിട്ടു. ഏലപ്പാറ, ഹെലിബറിയ ടീ കമ്പനിയുടെ ഉടമസ്ഥതയിലുള്ള നാല് ഡിവിഷനുകൾ ഉൾപ്പെട്ട തോട്ടമാണ് അടച്ചുപൂട്ടിയത്. കമ്പനിയുടെ ഉടമസ്ഥതയിലുള്ള തൊഴിലാളികളുടെ നാല് മാസത്തെ ശമ്പള കുടിശികയടക്കം കൊടുക്കാനുള്ളപ്പോഴാണ് മാനേജ്‌മെന്റ് തോട്ടം അടച്ചുപൂട്ടി സ്ഥലം വിട്ടത്. മുടങ്ങിയ ശമ്പള കുടിശിക ചോദിക്കുന്നതിനായി കഴിഞ്ഞ ദിവസം തൊഴിലാളികളുടെ നേതൃത്വത്തിൽ മാനേജ്‌മെന്റിനെ കണ്ടിരുന്നു. തൊഴിലാളികളും മാനേജ്‌മെന്റും തമ്മിൽ സംസാരിക്കുകയും വാക്കേറ്റത്തിൽ എത്തുകയും ചെയ്തു. തുടർന്ന് തോട്ടം പ്രതിസന്ധിയിലാണെന്നും ഉടൻ ശമ്പളം നൽകാൻ കഴിയില്ലെന്നും പറഞ്ഞു കൊണ്ട് മുന്നറിയിപ്പില്ലാതെ എസ്റ്റേറ്റ് ഉടമകൾ വൈകുന്നേരത്തോടെ തോട്ടം അടച്ചു പൂട്ടുകയായിരുന്നു.

ദുരിതത്തിലായത് അഞ്ഞറോളം

തൊഴിലാളികൾ

അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെ അഞ്ഞൂറോളം തൊഴിലാളികളാണ് നാല് ഡിവിഷനിലായി തോട്ടത്തിൽ ജോലി ചെയ്തു വരുന്നത്. സംയുക്ത ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ ഇന്ന് ഏലപ്പാറയിൽ പ്രകടനവും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പി.എഫും ലോണും പിടിച്ചിട്ടും അടച്ചില്ല

58 മാസമായി തൊഴിലാളികളുടെ പക്കൽ നിന്ന് പിടിച്ച പി.എഫ് കമ്പനി അടച്ചിട്ടില്ല. വിവിധ ബാങ്കുകളിൽ നിന്ന് തൊഴിലാളികൾ എടുത്ത വായ്പയ്ക്കായി തൊഴിലാളികളിൽ നിന്ന് എല്ലാ മാസവും പിടിച്ച പണവും മാനേജ്‌മെന്റ് ബാങ്കിൽ അടച്ചിട്ടില്ല. ഇതും തൊഴിലാളികൾ ചോദ്യം ചെയ്തിരുന്നു. തോട്ടം പൂട്ടിയതിനെ തുടർന്ന് നാല് ഡിവിഷനിൽ തൊഴിലാളികൾ സംഘടിച്ചു പ്രതിഷേധ പ്രകടനം നടത്തി.