തൊടുപുഴ: നഗരത്തിൽ രാവിലെയും വൈകുന്നേരവുമുള്ള ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാൻ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി യോഗത്തിൽ തീരുമാനം. കെ.എസ്.ആർ.ടി.സി ജംഗ്ഷനിനിൽ മൂലമറ്റത്തേക്ക് തിരിയുന്ന ബസ് സ്‌റ്റോപ്പ് മുന്നോട്ട് നീക്കുന്ന വിഷയമാണ് യോഗത്തിൽ ആദ്യം ചർച്ചയ്ക്കെടുത്തത്. ഇപ്പോൾ ഡിവൈഡറടക്കം സ്ഥാപിച്ച സ്ഥലത്താണ് ബസ് സ്‌റ്റോപ്പ്. കൂടാതെ മൂലറ്റത്തേക്ക് തിരിയുന്ന സ്ഥലത്ത് തന്നെയാണ് ബസുകൾ നിറുത്തുന്നതും. ഈ സാഹചര്യത്തിൽ സ്‌റ്റോപ്പ് മുന്നോട്ട് നീക്കാൻ നേരത്തെയെടുത്ത തീരുമാനം കർശനമായി നടപ്പാക്കുമെന്ന് ചെയർമാൻ പറഞ്ഞു. തൊടുപുഴ ഗാന്ധി സ്‌ക്വയർ പരിസരത്ത് റോഡിനിരുവശത്തുമായി പഴയ ദ്രവിച്ച പോസ്റ്റുകൾ ഉണ്ട്. ഇത് ഗതാഗത തടസമുണ്ടാക്കുന്ന സാഹചര്യത്തിൽ ഇവ നീക്കാനും യോഗം തീരുമാനിച്ചു. അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായി. നോ പാർക്കിംഗ് ഏരിയയിൽ ബോർഡുകൾ കൃത്യമായി സ്ഥാപിക്കും. വ്യാപാര സ്ഥാപനങ്ങളിലേക്കും മറ്റും എത്തുന്നവർ വാഹനങ്ങൾ പലയിടത്തും പാർക്ക് ചെയ്യുന്നതും പൊലീസ് പിഴ ഈടാക്കുന്നതുമടക്കം വിവാദമായതോടെയാണ് ഇതിൽ കർശന നടപടി സ്വീകരിക്കാൻ നിർദേശം നൽകിയത്. നഗരത്തിൽ പലയിടത്തും സീബ്രാലൈനുകളുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. വരകൾ മാഞ്ഞ ഇടങ്ങളിൽ പുനഃസ്ഥാപിക്കാൻ പി.ഡബ്ല്യു.ഡിക്ക് നിർദേശം നൽകിയിട്ടുണ്ട്. അനധികൃത ഓട്ടോ സ്റ്റാൻഡുകൾക്കെതിരെയും നടപടി സ്വീകരിക്കും. ജില്ലാ കളക്ടറുടെ നിർദേശ പ്രകാരം നിലവിലുള്ള ഓട്ടോ സ്റ്റാൻഡുകൾക്ക് നമ്പർ നൽകും. ധന്വന്തരി ജംഗ്ഷനിൽ ഉണ്ടാകുന്ന ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്ഥലമേറ്റെടുപ്പ് നടപടികൾ ത്വരിതഗതിയിലാക്കാൻ റവന്യൂ അധികൃതരോട് ആവശ്യപെടാനും നഗരസഭ ചെയർമാന്റെ അദ്ധ്യക്ഷതയിൽ യോഗം വിളിച്ചു ചേർക്കാനും തീരുമാനം ആയി. ഇവിടെ സ്ഥലമേറ്റ് നടപടികൾ ഇഴയുന്ന സാഹചര്യത്തിലാണ് നിർദേശം. മങ്ങാട്ടുകവല ഷോപ്പിംഗ് കോംപ്ലക്സിന് മുൻവശം മുനിസിപ്പൽ ബസ് സ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സ് മാതൃകയിൽ യാത്രക്കാർക്ക് കൂടുതൽ സൗകര്യ പ്രദമാകും വിധം ആധുനിക രീതിയിൽ ക്രമീകരിക്കാനും തീരുമാനമായി. ചെയർമാന്റെ അദ്ധ്യക്ഷതയിൽ വിളിച്ചു ചേർത്ത യോഗത്തിൽ ഡിവൈ.എസ്.പി പി.കെ. സാബു, ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് വകുപ്പ്, മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
പ്രധാന റോഡുകളിലെ
കുഴിയടക്കും: പി. ഡബ്ല്യു.ഡി
നാലുവരി പാത ഉൾപ്പെടെയുള്ള പ്രധാന റോഡുകളിൽ രൂപം കൊണ്ടിട്ടുള്ള കുഴികൾ ഉടൻ അടയ്ക്കുമെന്ന് പി. ഡബ്ല്യു.ഡി അധികൃതർ യോഗത്തിൽ അറിയിച്ചു. ഇതു കൂടാതെ നഗരത്തിലെ ബസുകളുടെ അമിത വേഗം നിയന്ത്രിക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നുവന്നു. പലപ്പോഴും സമയക്രമത്തെ ചൊല്ലി ബസുകൾ തമ്മിൽ മത്സര ഓട്ടവും തർക്കവും പതിവാണ്. ഇത് യാത്രക്കാർക്ക് വലിയ പ്രയാസവും സൃഷ്ടിക്കുന്നുണ്ട്. ഇത് കൂടാതെ നഗരത്തിലെ ചില യു ടേൺ സംവിധാനങ്ങൾ ഗതാഗത കുരുക്കിനിടയാക്കുന്നുണ്ടെന്നും ഇതേക്കുറിച്ചും പഠിച്ച് നടപടി സ്വീകരിക്കുമെന്നും ചെയർമാൻ കെ. ദീപക് പറഞ്ഞു.
പ്രധാന തീരുമാനങ്ങൾ
കെ.എസ്.ആർ.ടി.സി ജംഗ്ഷനിൽ നിന്ന് മൂലമറ്റത്തേക്ക് തിരിയുന്ന ബസ് സ്‌റ്റോപ്പ് മുന്നോട്ട് നീക്കും
അനധികൃത പാർക്കിംഗിനെതിരെ കർശന നടപടി
സീബ്രാലൈനുകൾ വരയ്ക്കാൻ നിർദേശം
ഓട്ടോറിക്ഷാ സ്റ്റാൻഡുകൾ ക്രമീകരിക്കും
റോഡുകളിലെ കുഴികളടക്കും