മറയൂർ: പാമ്പാർ പുഴയിൽ ചാടിയ 19 കാരനെ അദ്ഭുതകരമായി രക്ഷിച്ചു. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. കോവിൽക്കടവ് പാലത്തിന്റെ മറുവശത്തു നിന്ന് പാമ്പാർ പുഴയിലേയ്ക്ക് ഒരാൾ ചാടുന്നത് ഡ്രൈവറായ മുരുഗേശനും ബാർബർഷോപ്പുകാരനായ ആറുമുഖവും കണ്ടു. ഉടൻ ഓടിയെത്തിയ ഇരുവരും പാലത്തിന്റെ അടിവശത്തൂടെ ഒഴികിയെത്തിയ 19 കാരനെ ആറുമുഖത്തിന്റെ മുണ്ടു ഊരിയിട്ടു രക്ഷിച്ചു. തുടർന്ന് ഇയാളെ മറയൂർ പൊലീസ് സ്റ്റേഷനിലെത്തിച്ചു രക്ഷിതാക്കളുമായി വിട്ടയച്ചു. മുതുകിലെ ബാഗിൽ കല്ലു കെട്ടി മരിക്കാൻ തീരുമാനിച്ചു തന്നെയാണ് ചാടിയതെന്നും രക്ഷിതാക്കളുമായുണ്ടായ അഭിപ്രായ വ്യത്യാസമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമായതെന്നും പൊലീസ് പറഞ്ഞു. മുരുഗേശൻ, ആറുമുഖം എന്നിവർ കൃത്യസമയത്ത് എത്തിയതിനാൽ യുവാവിന്റെ ജീവൻ രക്ഷിക്കാനായി.