സൂര്യനെല്ലി: പരമ്പരാഗത വേഷം ധരിച്ച്, ആാവും പാട്ടുമായി സ്ത്രീകളും വനസംരക്ഷണ മുദ്രാവാക്യവുമായി ആയിരങ്ങൾ അണിചേർന്ന ഘോഷയാത്രയോടെ മുതുവാൻ ആദിവാസി സമുദായ സംഘത്തിന്റെ ആഭിമുഖ്യത്തിൽ ലോക ആദിവാസി ദിനം ആഘോഷിച്ചു. കണ്ണൻ ദേവൻ മലനിരകളിലെ വനങ്ങളിൽ കഴിയുന്ന ആദിവാസി മുതുവാ സമുദായ സംഘടന ആദിവാസി ദിനം സമുദായ ശാക്തികരണ ദിനമായാണ് ആചരിക്കുന്നത്. സൂര്യനെല്ലി ടൗണിൽ നിന്നാരംഭിച്ച ഘോഷയാത്ര ചെമ്പകത്തൊഴു കുടിയിൽ സമാപിച്ചു. പ്രത്യേക ഭാഷയും സംസ്‌കാരവും പിന്തുടരുന്ന മുതുവാ സമുദായത്തിന്റെ പൈതൃകം സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു. പൊതുസമ്മേളനം അടിമാലി എ ടി ഡി ഒ എം കന്തസ്വാമി ഉദ്ഘാടനം ചെയ്തു.കേരള പൊലീസ് അക്കാദമി ഡയറക്ടർ കെ സേതുരാമൻ മുഖ്യാതിഥിയായി. ഭൂമിയും പരിസരവും നഷ്ടപ്പെട്ടാൽ സംസ്‌കാരവും സ്വത്വവും നഷ്ടമാകുമെന്നും വയനാടിലും അട്ടപ്പാടിയിലും അതാണ് കണ്ടതെന്ന് സേതുരാമൻ പറഞ്ഞു. ഭൂമി അന്യാധീനപ്പെടാതെ സംരക്ഷിക്കപ്പെടണം. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ കെ വി ഹരികൃഷ്ണൻ ആദിവാസി ദിന സന്ദേശം നൽകി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയം (കുട്ടമ്പുഴ), ഗീത ആനന്ദൻ (മാങ്കുളം), ജില്ലാ പഞ്ചായത്ത് മെമ്പർ സി രാജേന്ദ്രൻ, കവി അശോകൻ മറയൂർ, മുൻ എ ടി ഡി ഒ വർഗീസ്, ഡോ.ഷോബൻ ബാബു, പെരിയകനാൽ എസ്റ്റേറ്റ് മാനേജർ നിതിൻ തോമസ്, മുതിർന്ന മാധ്യമ പ്രവർത്തകൻ എം ജെ ബാബു, സുഭാഷ് ചന്ദ്രൻ, ആയുഷ് മിഷൻ പ്രോഗ്രാം മാനേജർ കെ എസ് ശ്രീ ദർശൻ, ഭാരവാഹികളായ കെ നാഗരാജ്, ജി ശേഖർ റാം, ജി ശങ്കർ കുമാർ എന്നിവർ സംസാരിച്ചു. എസ് രാമചന്ദ്രൻ സ്വാഗതവും പി എസ് ശശി നന്ദിയും പറഞ്ഞു. ഇന്ന് രാവിലെ 7 ന് നേതൃസംഗമം നടക്കും. വിവിധ വിഷയങ്ങളിൽ സെമിനാർ നടക്കും