പീരുമേട് : ശമ്പള കുടിശിക ആവശ്യപ്പെട്ടപ്പോൾ തോട്ടം അടച്ചുപൂട്ടിയ ഹെലിബറിയാ എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെ നടപടിയ്ക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ പ്രതിഷേധ മാർച്ചും യോഗവും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസമാണ് ഹെലിബറിയ എസ്റ്റേറ്റിന്റെ നാല് ഡി വിഷനുകളായ ഹെലിബറിയാ, വള്ളക്കടവ് , ചിന്നാർ, ചെമ്മണ്ണ് തോട്ടങ്ങൾ അടച്ചതായി തോട്ടം ഉടമകൾ നോട്ടീസ് നൽകിയത്. തൊഴിലാളികൾക്ക് കഴിഞ്ഞ മൂന്നുമാസമായി മാനേജ്‌മെന്റ് ശമ്പളം നൽകിയിട്ടില്ല. പി എഫ് കുടിശ്ശിക 58 മാസമായി അടച്ചിട്ടില്ല.തൊഴിലാളികൾക്ക് പി എഫ് കുടിശ്ശിക നൽകാൻ എന്ന പേരിൽ തോട്ടം ഭൂമി, ഉടമകൾ വ്യാപകമായി വിൽക്കുകയും ചെയ്തു. വിവിധ ബാങ്കുകളിൽ നിന്നുംതൊഴിലാളികൾ എടുത്തവായ്പകൾ എല്ലാ മാസവും തൊഴിലാളികളിൽ നിന്നും ഈടാക്കിയ തുക മാനേജ്‌മെന്റ് ബാങ്കിൽ അടച്ചിട്ടില്ല. ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാതെ തൊഴിലാളികൾ കടുത്ത പ്രതിസന്ധിയിലായിരിക്കയാണ്.
ഇതേ തുടർന്നാണ് തോട്ടം തുറക്കണമെന്നും തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ ഏലപ്പാറയിൽ പ്രതിഷേധ മാർച്ച് യോഗവും സംഘടിപ്പിച്ചത്. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ .എസ് മോഹനൻ സമരം ഉദ്ഘാടനം ചെയ്തു.സി. സിൽവസ്റ്റർ അദ്ധ്യക്ഷനായിരുന്നു. എച്ച്. ഇ ഇ എ യൂണിയൻ ജനറൽ സെകട്ടറി കെ ടി ബിനു, കെ.പി.എൽ.എഫ് സംസ്ഥാന സെക്രട്ടറി പി എസ് രാജൻ, ബി എം.എസ്. ജില്ലാ സെക്രട്ടറി മോഹനൻ, സി.പി.എം.ജില്ലാ കമ്മറ്റി അംഗം എം ജെ. വാവച്ചൻ, സജിമോൻ ടൈറ്റസ്, ആന്റപ്പൻ ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.