കട്ടപ്പന: ഇരട്ടയാർ നോർത്ത് വെട്ടിക്കാമറ്റം പ്രകാശ് റോഡിലെ കലുങ്ക് അപകട ഭീഷണിയാകുന്നു. 2018ലെ പ്രളയ സമയത്ത് ഈ കലിങ്കിന്റെ കൽകെട്ട് ഇളകിപ്പോയതാണ് അപകട ഭീഷണിക്ക് കാരണം. ഇതോടെ കലുങ്കിന്റെ ഒരു ഭാഗം ഇടിഞ്ഞ് താഴ്ന്ന നിലയിലാണ്. സംഭവമുണ്ടായ അന്നുതന്നെ നാട്ടുകാരും പഞ്ചായത്ത് അധികൃതരും പൊതുമരാമത്ത് വിഭാഗത്തെ വഅറിയിച്ചിരുന്നെങ്കിലും ചെറിയ രീതിയിൽ അപകട ഭീഷണി ഉണ്ടെന്നുകാണിച്ച് റിബൺ കെട്ടി മടങ്ങിയതല്ലാതെ തുടർ നടപടിയുണ്ടായിട്ടില്ല. പിന്നീടുണ്ടായ എല്ലാ കാലവർഷത്തിലും അപകട ഭീഷണി നാ്ടടുകാർ ചൂണ്ടിക്കാണിച്ചപ്പോൾ സമാന രീതിയിൽ ടാർ വീപ്പ വച്ച് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയതല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ബസുകളും ടോറസ് ലോറികളുമടക്കം ഇതുവഴി കടന്നു പോകുന്നുണ്ട്. അപകട ഭീഷണിയുള്ള ഭാഗത്ത് ഭാരവാഹനങ്ങൾ ഒന്ന് നിർത്തേണ്ട സാഹചര്യം ഉണ്ടായാൽ കലുങ്ക് ഇടിയും എന്നാണ് നാട്ടുകാർ പറയുന്നത്. നിലവിൽ സമീപത്തെ വ്യാപാരികളുടെ നേതൃത്വത്തിൽ ഇതുവഴി കടന്നുവരുന്ന ഡ്രൈവർമാരോട് പ്രദേശത്തെ അപകട ഭീഷണി പറഞ്ഞു മനസിലാക്കിയാണ് കടത്തിവിടുന്നത്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് വിഷയം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.