അടിമാലി:കൊന്നത്തടിയിൽ പുൽച്ചാടിശല്യം വ്യാപക കൃഷിനാശം. മുതിരപ്പുഴ ,മരക്കാനം, മുനിയറ, പണിക്കൻ കുടി, ഇരുമലക്കപ്പ് കമ്പിളികണ്ടം അടക്കമുള്ള മേഖലകളിലാണ് ശല്യം രൂക്ഷമായിട്ടുള്ളത്. കൃഷിയിടങ്ങളിൽ വെട്ടു ക്കിളികളാണ് നാശം വിതക്കുന്നതെന്ന് കരുതിയിരുന്നുവെങ്കിലും ഇത് ഭീമൻ പുൽച്ചാടിയാണെന്നാണ് കൃഷി ഭവനിൽ നിന്നുമുള്ള വിശദീകരണം. ഭീമൻ പുൽച്ചാടി, കോഫി ലോക്കോസ്റ്റ്എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഇനം (Aularches milliaris ) ഒന്നര മാസം വരെ ആയുർ ദൈർഘ്യം ഉള്ളതാണ്.
പ്രധാനമായും സാധാരണ ഗതിയിൽ കളകളെ ആക്രമിക്കുന്ന ഇവയുടെ എണ്ണം കൂടുമ്പോൾ വിളകളെയും ആക്രമിക്കുന്നത് കാണാറുണ്ട്. വേപ്പെണ്ണ കലർന്ന മിശ്രിതങ്ങൾ ഇതിന്റെ നിയന്ത്ര ണത്തിന് ഉത്തമം ആണ്. കൃഷിയിടത്തിലെ മണ്ണ് ഇളക്കിയിട്ടും ഇത് മുട്ടയിട്ടു പെരുകുന്നത് നിയന്ത്രിക്കാൻ പറ്റും.എണ്ണം ക്രമാതീതമായി പെരുകിയാൽ രാസകീടനിയന്ത്രണ മാർഗങ്ങൾ അവലംബി ക്കാവുന്നതാണ്. ഇതിനായി ഫ്ളൂ ബെന്റമൈട് 2 ml /10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ഉപയോഗിക്കാം. മരുന്നുകൾ ഉപയോഗിക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ (മാസ്‌ക്, കയ്യുറ, ശരീരം മുഴുവനും മൂടുന്ന രീതിയിൽ ഉള്ള വസ്ത്രങ്ങൾ ) ശ്രദ്ധിക്കേണ്ടതാണ്. മരുന്ന് ഉപയോഗിക്കുമ്പോൾ കൃഷിയിടത്തിന്റെ അതിരുകളിൽ ആദ്യം മരുന്ന് തളിച്ച് പിന്നീട് ഉള്ളിലേക്ക് ഉപയോഗിക്കുന്ന രീതിയാണ് പ്രതിരോധത്തിന് വേണ്ട മെച്ചപ്പെട്ട മാർഗമെന്ന് കൃഷിഓഫീസർപറഞ്ഞു.