kanal

തൊടുപുഴ: മാരക വിഷമുള്ള ഇഴ ജന്തുക്കളുടെ ശല്യം മൂലം പൊറുതിമുട്ടി ജനങ്ങൾ. തെക്കുംഭാഗം മുതൽ ഇടവെട്ടി കനാൽ റോഡ് വരെയുള്ള ഭാഗത്താണ് ഗുരുതര പ്രശ്നം. ഇതിനാൽ കാൽനടയാത്ര പോലും ദുഷ്‌ക്കരമായിരിക്കുകയാണ്. മൂവാറ്റുപുഴ നദീജല ജലസേചന പദ്ധതിയുടെ (എം.വി.ഐ.പി ) ഭാഗമായ ഇടവെട്ടി വലതുകര കനാൽ ഭാഗത്ത് റോഡിനിരുവശവും കാട് മൂടിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ഇവിടം പെരുമ്പാമ്പ്, അണലി തുടങ്ങിയ വിഷപാമ്പുകളുടെ വിഹാരകേന്ദ്രമായിരിക്കുകയാണ്. മുമ്പ് കനാൽ തുറക്കുന്നതിന് മുന്നോടിയായി ഇരുവശത്തെയും കാട് അധികൃതർ വെട്ടിമാറ്റുമായിരുന്നു. എന്നാൽ ഇത്തവണ അതുണ്ടായില്ല. പഞ്ചായത്തും ഇതിന് മുതിരാതിരുന്നതോടെ കാട് വലിയ രീതിയിൽ വളർന്ന് കഴിഞ്ഞു. ഇതോടെ ഇഴ ജന്തുക്കളുടെ ശല്യവും വർധിച്ചു. പകൽ സമയങ്ങളിൽ പോലും റോഡിലൂടെ പാമ്പ് ഇഴയുന്ന കാഴ്ച ഭീതിജനകമാണ്. നൂറ് കണക്കിന് വിദ്യാർത്ഥികൾക്ക് പുറമേ പ്രഭാത നടത്തത്തിനായും നിരവധിയാളുകളുടെ ആശ്രയമാണ് ഈ റോഡ്. മുൻ കരുതലോടെ സഞ്ചരിക്കുന്നതിനാലാണ് പലരും കടിയേൽക്കാതെ രക്ഷപ്പെടുന്നത്. നിരവധി തവണ ജനപ്രതിനിധികൾ അടക്കമുള്ള അധികാരികളുടെ ശ്രദ്ധയിൽ വിഷയമുന്നയിച്ചെങ്കിലും പ്രശ്ന പരിഹാരമായിട്ടില്ല. ഇതേ തുടർന്ന് എം.വി.ഐ.പി അധികൃതർക്കും പഞ്ചായത്തിനും പരാതി നൽകാനാണ് പ്രദേശവാസികളുടെ തീരുമാനം

വെളിച്ചക്കുറവിനൊപ്പം

മാലിന്യം തള്ളലും വ്യാപകം
കനാൽ റോഡിന്റെ വശങ്ങളിൽ ആവശ്യത്തിന് തെരുവ് വിളക്കുകളില്ലെന്നും പരാതിയുണ്ട്. നിശ്ചിത ദൂരപരിധിക്കുള്ളിൽ വൈദ്യുതി പോസ്റ്റുകൾ സ്ഥാപിക്കാത്തതാണ് വെളിച്ചക്കുറവിന് കാരണം. ഇതിനൊപ്പം കാട് വളർന്നതോടെ പ്രദേശത്ത് മാലിന്യം തള്ളുന്നതും വർധിച്ചിട്ടുണ്ട്.


നാട്ടുകാർ ഭീതിയോടെയാണ് ഇത് വഴി സഞ്ചരിക്കുന്നത്. എം.വി.ഐ. പിയും പഞ്ചായത്ത് അധികൃതരും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് റോഡ് സഞ്ചാരയോഗ്യമാക്കണം - സുനിൽകുമാർ നൃത്താഞ്ജലി (പ്രദേശവാസി )