guru

തൊടുപുഴ: എല്ലാവർക്കും ബിരുദം എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ വർഷത്തെ യു.ജി/പി.ജി അഡ്മിഷൻ ആരംഭിച്ചു. സെപ്തംബർ 10 വരെ ഓൺലൈനായി www.sgou.ac.in എന്ന വെബ്‌സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ജില്ലയിൽ നിലവിൽ കട്ടപ്പന ഗവ. കോളേജാണ് പഠന കേന്ദ്രം. അണക്കര ഹോളിക്രോസ് കോളേജിൽ പുതിയൊരു കേന്ദ്രം ആരംഭിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 29 യു.ജി/ പി.ജി പ്രോഗ്രാമുകൾക്കും മൂന്ന് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ്, സർട്ടിഫിക്കറ്റ് ഇൻ അപ്ലൈഡ് മെഷീൻ ലേർണിങ്, കമ്മ്യൂണിക്കേഷൻ സ്‌കിൽസ് ആൻഡ് ഫൗണ്ടഷൻ കോഴ്സ് ഫോർ ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി എന്നിവയാണ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ. തൊടുപുഴയിലും ഭാവിയിൽ പഠന കേന്ദ്രം ആരംഭിക്കുന്ന കാര്യം പരിഗണിക്കുമെന്ന് വൈസ് ചാൻസിലർ ഡോ. വി.പി. ജഗതിരാജ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 30 ദിവസത്തിനുള്ളിൽ ഫലപ്രഖ്യാപനം, സ്‌ക്രീൻ വാല്യൂഷൻ, ഓപ്പൺ ബുക്ക് പരീക്ഷാരീതി തുടങ്ങിയവ സർവ്വകലാശാലയിൽ നിലവിലുണ്ട്. വിദ്യാർത്ഥിയുടെ സൗകര്യത്തിനനുസരിച്ച് പരീക്ഷ നടത്തുന്ന എക്സാം ഓൺ ഡിമാൻഡ് ഉടൻ ആരംഭിക്കുമെന്നും വൈസ് ചാൻസലർ അറിയിച്ചു. സിൻഡിക്കേറ്റംഗങ്ങളായ റെനി സെബാസ്റ്റ്യൻ, പി. ഹരിദാസ്, റീജിയണൽ ഡയറക്ടർ ടോജോ മോൻ മാത്യു എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

റീജിയണൽ സെന്റർ
തൃപ്പൂണിത്തുറ ഗവ. കോളേജാണ് ജില്ലയുടെ റീജിയണൽ സെന്റർ. ഫോൺ: 0484 - 2927436, 9188922086.

29 യു.ജി/പി.ജി പ്രോഗ്രാമുകൾ

ഈ അദ്ധ്യയന വർഷം 17 യു.ജി പ്രോഗ്രാമുകളും, 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ ആറ് യു.ജി പ്രോഗ്രാമുകൾ നാലു വർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് മൂന്ന് വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറയ്ക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി എക്സിറ്റ്ഓപ്ഷൻ നൽകുന്നുണ്ട്. എം.ബി.എ, എം.സി.എ പ്രോഗ്രാമുകൾ കൂടി യൂണിവേഴ്സിറ്റി ഈ അദ്ധ്യയന വർഷം ആരംഭിക്കും. നോട്ടിഫിക്കേഷൻ പിന്നീട് പ്രസിദ്ധീകരിക്കും.

പുതിയതായി ആരംഭിക്കുന്ന കോഴ്സുകൾ

* ബി.എ പബ്ളിക് അഡ്മിനിസ്‌ട്രേഷൻ

* എം.എസ്.ഡബ്ല്യു

* എം.എസ്.സി മാത്‌സ്

* എം. ലിബ്

* ബി. ലിബ്

* ബി. എഡ്

* റിസർച്ച്

കുറഞ്ഞ ഫീസ്, തുല്യതാ പരീക്ഷ പാസായവർക്കും ഡിഗ്രി

ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷാ കോഴ്സുകളും ഉടനെ ആരംഭിക്കും. തുല്യതാ പരീക്ഷകൾ പാസായവർക്കും ഡിഗ്രിക്ക് ചേരാം. ഡിഗ്രിക്ക് വർഷം 4500 രൂപയും പി.ജിയ്ക്ക് 5750 രൂപയുമാണ് ശരാശരി ഫീസ്. ആഴ്ചകൾ തോറും കോൺടാക്ട് ക്ലാസ്, സമഗ്രമായ സ്റ്റഡി മെറ്റീരിയലുകൾ, ക്ലാസുകളുടെ വീഡിയോ റെക്കാർഡിംഗുകൾ, ഡിജിറ്റൽ ലൈബ്രറി ആക്സസ് തുടങ്ങിയ സൗകര്യങ്ങളും ലഭിക്കും. മറ്റ് ഡിഗ്രി പഠിക്കുന്നവർക്കും സർവ്വകലാശാലയിൽ ചേർന്ന് ഒരേ സമയം ഇരട്ട ബിരുദം സ്വന്തമാക്കാം.


അഡ്മിഷന് പ്രായപരിധിയോ,

മാർക്ക് മാനദണ്ഡമോ ഇല്ല

പ്രായപരിധിയോ മാർക്ക് മാനദണ്ഡമോ ഇല്ലാതെ അർഹരായ, പഠിക്കാൻ താത്പര്യമുള്ള എല്ലാവർക്കും പഠിക്കാം. അഡ്മിഷന് ടി.സി നിർബന്ധമല്ല. ജോലി ചെയ്യുന്നവർക്കെല്ലാം സൗകര്യപ്രദമായ പഠനക്രമമാണ് ഒരുക്കിയിട്ടുള്ളത്. പ്ലസ് ടു അല്ലെങ്കിൽ പ്രീ ഡിഗ്രി യോഗ്യതയുള്ള ആർക്കും ഇഷ്ട വിഷയത്തിൽ ബിരുദം നേടാം. ബിരുദം ഏതാണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദവും നേടാം.