തൊടുപുഴ: അൽ- അസ്ഹർ ഡെന്റൽ മെഡിക്കൽ കോളേജിലെ അത്യാധുനിക ഡിജിറ്റൽ ഡെന്റിസ്ട്രി ലാബ് നാളെ ഉദ്ഘാടനം ചെ യ്യും. നൂതനസാങ്കേതിക വിദ്യകൾ ദന്ത ചികിത്സാ രംഗത്ത് പ്രയോജനപ്പെടുത്തി മെച്ചപ്പെട്ടതും ചെലവ് കുറഞ്ഞതുമായ ചികിത്സാ സൗകര്യങ്ങൾ ലഭ്യമാക്കാനും അക്കാദമിക രംഗത്ത് മികവ് പുലർത്താനും ഡിജിറ്റൽ ലാബ് സഹായകമാകും. 3 ഡി സംവിധാനങ്ങൾ, കമ്പൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ രീതികൾ തുടങ്ങിയ അത്യാധുനിക സംവിധാനങ്ങളാണ് ഡിജിറ്റൽ ലാബിൽ ഒരുക്കിയിരിക്കുന്നത്. പരിചയ സമ്പന്നരായ ഡോക്ടർമാരും ടെക്നീഷ്യന്മാരും നേതൃത്വം നൽകുന്ന ലാബിൽ കാഡ് ഡന്റ് ലാബ് (കമ്പ്യൂട്ടർ ഉപയോഗിച്ചുള്ള ഡിസൈൻ സംവിധാനം), 3 ഡി പ്രിന്റിംഗ് ലാബ്, ട്രെയിനിംഗ് സെന്റർ, സെറാമിക് ലാബ്, ഡിസൈൻ സ്റ്റുഡിയോ, മില്ലിങ് യൂണിറ്റ് മോഡൽ നിർമ്മാണം എന്നിവ ഒരുക്കിയിട്ടുണ്ട്. ഇതോടെ ദന്ത ചികിത്സ കൂടുതൽ കൃത്യതയുള്ളതും ലളിതവുമായി മാറും. പല്ല് മാറ്റി വയ്ക്കാനായി എത്തുന്നവർക്ക് അഞ്ചു മണിക്കൂറിനുള്ളിൽ ചികിത്സ പൂർത്തിയാക്കി മടങ്ങാൻ സാധിക്കും. നാളെ രാവിലെ 10ന് ഡെന്റൽ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ അൽ- അസ്ഹർ ഗ്രൂപ്പ് ചെയർമാൻ ഹാജി കെ.എം. മൂസ അദ്ധ്യക്ഷത വഹിക്കും. ഡിജിറ്റൽ ഡെന്റിസ്ട്രിയുടെ ഉദ്ഘാടനം അൽ- അസ്ഹർ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ നിർമ്മാണ ജോലികൾ നടത്തിയ ടോപ്പ് ലൈൻ കൺസ്ട്രക്ഷൻ മാനേജിംഗ് ഡയറക്ടർ ടി.എൻ. നാരായണൻ നിർവ്വഹിക്കും. വാർത്താ സമ്മേളനത്തിൽ അൽ- അസ്ഹർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ഡോ. കെ.എം. പൈജാസ്, അൽ- അസ്ഹർ ഡെന്റൽ കോളേജ് പ്രിൻസിപ്പൽ ഡോ. ഷൈനി ജോസഫ്, പ്രോസ്‌തോഡോണ്ടിക്സ് വിഭാഗം മേധാവി ഡോ. അഞ്ജന കുര്യൻ, ഇംപ്ലാന്റോളജി വിഭാഗം മേധാവി ഡോ. കെ.പി. ചെറിയാൻ, അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസർ ഡോ. അരുൺ ആലപ്പാട്ട് എന്നിവർ പങ്കെടുത്തു.