നേട്ടം കരസ്ഥമാക്കുന്ന ജില്ലയിലെ ആദ്യത്തെ സി.ഡി.എസ്
ആലക്കോട്: കുടുംബശ്രീക്ക് നേട്ടമായി ആലക്കോട് സിഡിഎസ് ഓഫീസിന് ഐഎസ്ഒ (ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷൻ) സർട്ടിഫിക്കേഷൻ. ഈ അംഗീകാരം കരസ്ഥമാക്കുന്ന ജില്ലയിലെ ആദ്യത്തെ കുടുംബശ്രീ ഓഫീസാണ് ആലക്കോട്. സ്ത്രീശാക്തീകരണത്തിലൂടെ ദാരിദ്ര്യനിർമ്മാർജ്ജനമെന്ന ലക്ഷ്യം കൈവരിക്കുന്നതിനായി സംസ്ഥാന സർക്കാർ രൂപം കൊടുത്ത ബൈലോ പ്രകാരമുള്ള എല്ലാ സേവനങ്ങളും കുടുംബശ്രീ മുഖേന ലഭ്യമാക്കിയതിനാണ് അംഗീകാരം. രണ്ട് ഘട്ടങ്ങളിലായി നടത്തിയ ഓഡിറ്റ് പരിശോധനയിൽ സേവനങ്ങൾക്കെത്തുന്ന പൊതുജനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ, മെച്ചപ്പെട്ട സേവനം, കൃത്യമായ ഫയൽ സംവിധാനം, അയൽക്കൂട്ട വിവരങ്ങൾ, കാര്യക്ഷമത, ഓഫീസ് ക്രമീകരണങ്ങൾ എന്നിവ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിഡി എസിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ നൽകിയത്. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ജയകുമാറിന്റെ നേതൃത്വത്തിൽ അക്കൗണ്ടന്റ്, സിഡിഎസ് അംഗങ്ങൾ, റിസോഴ്‌സ് പേഴ്‌സൺമാർ എന്നിവർ നടത്തിയ കൂട്ടായ ശ്രമമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് സിഡിഎസ് ചെയർപേഴ്‌സൺ ഉഷാജോണി പറഞ്ഞു. ഈ നേട്ടത്തിൽ സിഡിഎസ് ചെയർപേഴ്‌സൺ ഉൾപ്പെടെ എല്ലാ അംഗങ്ങളെയും പ്രസിഡന്റ് ജാൻസി മാത്യു, വൈസ് പ്രസിഡന്റ് ബൈജു ജോർജ്, പഞ്ചായത്ത് സെക്രട്ടറി രമ്യ സൈമൺ എന്നിവർ അഭിനന്ദിച്ചു.