കട്ടപ്പന : പുതിയ ബസ് സ്റ്റാൻഡിനോടുള്ള നഗരസഭയുടെ അവഗണന അവസാനിപ്പിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി. അശാസ്ത്രീയമായ കോംപ്ലക്‌സിന്റെ നിർമാണത്തിന്റെ ഭാഗമായാണ് കഴിഞ്ഞദിവസം നിയന്ത്രണം നഷ്ടപ്പെട്ട് ബസ് അപകടത്തിൽപ്പെട്ടത്. ഇത് യാത്രക്കാർക്കും വ്യാപാരസ്ഥാപനങ്ങൾക്കും ഭീഷണിയായി മാറിയിരിക്കുകയാണ്. 3 മാസം മുമ്പും സമാന രീതിയിൽ ബസ് വരാന്തയിലേക്ക് ഇടിച്ചുകയറി യാത്രക്കാർക്ക് പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് ബസ് സ്റ്റാൻഡിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് നഗരസഭയിൽ നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും ആക്ഷേപമുണ്ട്. പോരായ്മകൾ ചൂണ്ടിക്കാട്ടി പരാതി നൽകിയിട്ട് യാതൊരുവിധ നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് സമര പരിപാടികളിലേക്ക് നീങ്ങുമെന്ന്
വ്യാപാരി വ്യവസായി സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് മജീഷ് ജേക്കബ്, ഭാരവാഹികളായ ഷിനോജ് ജി.എസ്., ആൽവിൻ തോമസ്, എം.ആർ. അയ്യപ്പൻകുട്ടി, പി.ബി.സുരേഷ്, എന്നിവർ പറഞ്ഞു.
അപകടം നിരുത്തരവാദത്തിന്റെ ഫലം
കട്ടപ്പന: പുതിയ സ്റ്റാൻഡിൽ സ്വകാര്യ ബസ് യാത്രക്കാരുടെ ഇരിപ്പിടത്തിലേയ്ക്ക് ഇടിച്ചു കയറി മൂന്ന് യാത്രക്കാർക്ക് പരിക്കേറ്റ സംഭവം കട്ടപ്പന നഗരസഭയുടെ നിരുത്തരവാദപരമായ നിലപാടിന്റെ ഫലമാണെന്ന് ബി.ഡി.ജെ.എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ കുറ്റപ്പെടുത്തി. സമാനമായ അപകടങ്ങൾ പലതവണ കട്ടപ്പന പുതിയ ബസ് സ്റ്റാൻഡിൽ സംഭവിച്ചിട്ടും നഗരസഭാ അധികാരികൾ യാതൊരുവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നെടുങ്കണ്ടം ഭാഗത്തെ ബസുകൾ പാർക്ക് ചെയ്യുന്ന സ്ഥലത്ത് യാത്രക്കാരുടെ ഇരുപ്പിടത്തിലേയ്ക്ക് സ്വകാര്യ ബസ് ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ നിന്നും യുവാവ് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കേരളത്തിലെ ബഹുഭൂരിപക്ഷം സ്റ്റാൻഡുകളിലും മീഡിയൻ സ്ഥാപിച്ചാണ് യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നത്. കൃത്യമായ ഇടവേളകളിൽ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഭരണനേതൃത്വത്തിൽ മാറ്റം വരുത്തുന്നതല്ലാതെ ജനോപകാരപ്രഥമായ ഒരു നടപടികളും കട്ടപ്പന നഗരസഭയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ വന്നു പോകുന്ന യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനും കെഎസ്ആർടിസി ഉൾപ്പെടെയുള്ള ജീവനക്കാർക്ക് സുഖമമായി തൊഴിൽ ചെയ്യുന്നതിനും ആവശ്യമായ തുടർ നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന് പ്രസാദ് വിലങ്ങുപാറ ആവശ്യപ്പെട്ടു.