കട്ടപ്പന: തങ്കമണി പൊലീസ് സ്റ്റേഷൻ പുതിയ കെട്ടിടംഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30 നായിരിക്കും ഉദ്ഘാടന ചടങ്ങ്.
2006ൽ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനാണ് തങ്കമണി പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. കാമാക്ഷി പഞ്ചായത്തിന്റെ പഴയ ഓഫീസ് കെട്ടിടത്തിലാണ് പരിമിതികളുടെ നടുവിൽ സ്റ്റേഷൻ പ്രവർത്തിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് കാമാക്ഷി പഞ്ചായത്ത് വിട്ടുനൽകിയ അരയേക്കർ സ്ഥലത്ത് സംസ്ഥാന സർക്കാർ 1 കോടി 92 ലക്ഷം രൂപ മുതൽ മുടക്കി എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ബഹുനിലമന്ദിരം പണി പൂർത്തീകരിച്ചിരിക്കുന്നത്. ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷനാകുന്ന യോഗത്തിൽ ജില്ലാ പൊലീസ് മേധാവി സാബു മാത്യു കെ എം സ്വാഗതമാശംസിക്കും. എംപി അഡ്വ. ഡീൻ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. മുൻ മന്ത്രി എം എം മണി, കട്ടപ്പന ഡിവൈഎസ്പി നിഷാദ്‌മോൻ വി എ, ജില്ലാ ആസൂത്രണസമിതി ഉപാദ്ധ്യക്ഷൻ സി വി വർഗീസ് എന്നിവർ മുഖ്യാതിഥികളാകും. തങ്കമണി പൊലീസ് സർക്കിൾ ഇൻസ്‌പെക്ടർ എബി എം പി റിപ്പോർട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൽ നീറണാക്കുന്നേൽ, പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് സുനിൽകുമാർ, മരിയാപുരം പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോയി, റെജി മുക്കാട്ട്, കെ ജി സത്യൻ, ജസി തോമസ് കാവുങ്കൽ, റിന്റാമോൾ വർഗീസ്, ചിഞ്ചുമോൾ ബിനോയി, സോണി ചൊള്ളാമഠം എന്നിവർ ഉദ്ഘാടനയോഗത്തിൽ പങ്കെടുക്കുമെന്ന് ചെയർമാൻ റോമിയോ സെബാസ്റ്റ്യൻ, കൺവീനർ അനുമോൾ ജോസ് എന്നിവർ പറഞ്ഞു.