taring

കട്ടപ്പന: മലയോരഹൈവെ നിർമാണത്തിൽ വൻ ക്രമക്കേടെന്ന് ആരോപണം. അയ്യപ്പൻകോവിൽ പഞ്ചായത്തിലെ പരപ്പിൽ വെള്ളം ഒഴുകി പോകാൻ സൗകര്യം ഒരുക്കാതെ ടാറിങ് നടത്തിയെന്നാണ് ആരോപണം. മഴ വെള്ളത്തിൽ ടാറിങ് നടത്തിയെന്നും പരാതിയുണ്ട്. കരാറുകാരന്റെ അഴിമതിക്ക് ഉദ്യോഗസ്ഥരും കൂട്ടുനിൽക്കുന്നതായി നാട്ടുകാർ ആരോപണം ഉന്നയിക്കുന്നു. മലയോര ഹൈവേ നിർമ്മാണം ആരംഭിച്ചത് മുതൽ അഴിമതി ആരോപണം ഉയർന്നിരുന്നു. എന്നാൽ ഇതൊന്നും വകവെക്കാതെയുള്ള നിർമാണ പ്രവർത്തനമാണ് നടന്ന് വരുന്നത്. പരപ്പ് റോഡിൽ നിന്നും ഒഴുകി വരുന്ന മഴവെള്ളം റോഡിലൂടെ ഒഴുകുന്ന അവസ്ഥയിലാണ് നിർമാണം നടത്തുന്നത്. റോഡിലെ കുഴിയിലെ വെള്ളക്കെട്ട് മാറ്റാതെയാണ് ടാറിങ് നടത്തിയതെന്നും ആരോപണമുണ്ട്. നിർമാണത്തിലെ അപാകത നാട്ടുകാർ ചൂണ്ടിക്കാട്ടിയപ്പോൾ കരാറുകാരന്റെ ജീവനക്കാർ തട്ടിക്കയറിയെന്നും ആരോപണമുണ്ട്. ഉദ്യോഗസ്ഥരോട് പരാതിപ്പെട്ടപ്പോൾ കരാറുകാരനെ ന്യായീകരിക്കുന്ന രീതിയിലാണ് പെരുമാറിയത്. റോഡിന്റെ രണ്ടാം റീച്ച് നിർമാണത്തിന്റെ തുടക്കം മുതൽ ക്രമവിരുദ്ധമായ പ്രവർത്തനങ്ങളാണ് നടന്ന് വരുന്നത്. കലുങ്ക് വേണ്ട സ്ഥലത്ത് ഇത് നിർമിക്കാതെയും പഴയത് ചെറിയ രീതിയിൽ അറ്റകുറ്റപ്പണി നടത്തുകയും മാത്രമാണ് ചെയ്തത്. ജില്ലാ ഭരണകൂടവും ഉന്നത ഉദ്യോഗസ്ഥരും പ്രശ്നത്തിൽ ഇടപെട്ട് കരാറുകാരനെ നിലക്ക് നിർത്തണമെന്നും അഴിമതി അവസാനിപ്പിക്കാൻ നടപടി ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെആവശ്യം.