bus
മൊബൈൽ ഇ സേവാ കേന്ദ്രം

 നിയമനം ഉടനെന്ന് ഡി.എൽ.എസ്.എ

തൊടുപുഴ: ജില്ലയിലെ മൊബൈൽ ഇ -സേവാ കേന്ദ്രം ഡ്രൈവറില്ലാത്തതിനാൽ പ്രവർത്തനം നിലച്ചിട്ട രണ്ട് മാസം പിന്നിട്ടു. ജൂൺ മാസം മുതൽ വാഹനം വെറുതെ കിടക്കുകയാണ്. സുപ്രീം കോടതിയുടെ സഹായത്തോടെ മുട്ടത്തെ ജില്ലാ കോടതിയോട് അനുബന്ധിച്ച് ആരംഭിച്ച മൊബൈൽ ഇ സേവാ കേന്ദ്രമാണ് ഡ്രൈവറുടെ അഭാവത്തെ തുടർന്ന് പ്രവർത്തനരഹിതമായിരിക്കുന്നത്. കെ.എസ്.ആർ.ടി.സി.യിൽ നിന്നും വിരമിച്ച പ്രവർത്തന പരിചയമുളളവർക്ക് മുൻഗണന നൽകിയുള്ള മാനദണ്ഡപ്രകാരമാണ് ഇവിടെ ഡ്രൈവറെ നിയമിച്ചിരുന്നത്. എന്നാൽ മുമ്പ് നിയമനം നേടിയ രണ്ട് പേരും ജോലി ഉപേക്ഷിച്ചതോടെയാണ് സേവനകേന്ദ്രത്തിന്റെ പ്രവർത്തനം മുടങ്ങിയത്. പുതിയൊരാളെ ദിവസ വേതനാടിസ്ഥാനത്തിൽ അഭിമുഖം നടത്തി തെരഞ്ഞെടുത്തെങ്കിലും ഇതിനായുള്ള അനുമതിക്ക് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുകയാണ്. മുമ്പ് ജില്ലയ്ക്ക് വെളിയിലുള്ളവരായിരുന്നു ജോലിക്കെത്തിയിരുന്നത്. എന്നാൽ ജോലിക്കായുള്ള യാത്രാ ദൈർഘ്യം, നിത്യ ചെലവ് വർദ്ധനവ്, കാലാവസ്ഥാ വ്യതിയാനം അടക്കമുള്ള പ്രതികൂല സാഹചര്യങ്ങൾ മൂലമാണ് ഇവർ ജോലി രാജിവെച്ചത്. അഭിമുഖം നടത്തി പുതിയതായി തെരഞ്ഞെടുത്തിരിക്കുന്നയാൾ മൂലമറ്റം സ്വദേശിയാണ്. ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമായൊരു പദ്ധതിയാണ് ഡ്രൈവറില്ലെന്ന ഒറ്റക്കാരണത്താൽ മുടങ്ങിയിരിക്കുന്നത്.

'മൊബൈൽ ഇ സേവാകേന്ദ്രത്തിന്റെ പ്രവർത്തനം ഉടൻ ആരംഭിക്കും. നിയമനത്തിന് ഹൈക്കോടതി അഗീകാരം ലഭിച്ചാൽ മാത്രം മതി- എൻ.എൻ സിജി (ഡി.എൽ.എസ്.എ സെക്രട്ടറി )


മൊബൈൽ ഇ സേവാകേന്ദ്രം

2024 മെയ് 25ന് പ്രവർത്തനം ആരംഭിച്ച പുതിയ കുടുംബ കോടതിയുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ചാണ് മൊബൈൽ ഇ- സേവാ കേന്ദ്രവും ആരംഭിച്ചത്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് എ.ജെ ദേശായി, ജസ്റ്റിസ് സി.എസ് ഡയസ് ഉൾപ്പടെയുളളവർ പങ്കെടുത്ത യോഗത്തിൽ ഹൈക്കോടതി ജഡ്ജ് എം. മുഹമ്മദ് മുഷ്താക്കാണ് ഇ -സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. സുപ്രീം കോടതി സംസ്ഥാനത്തിന് അനുവദിച്ച ആദ്യ ഇ സേവാ കേന്ദ്രമാണ്. സംസ്ഥാനത്തെ രണ്ടാമത്തെ വലിയ ആദിവാസി ജനസംഖ്യയുള്ള പ്രദേശമാണ് ഇടുക്കി എന്നതിനാലാണ് ഇത് ജില്ലക്ക് ലഭ്യമായത്. കോടതികളുടെ ഒന്നിലധികം ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രണ്ട് ക്യാബിനുകളോട് കൂടി രൂപകൽപ്പന ചെയ്യ ഒരു മൾട്ടി പർപ്പസ് വാഹനമാണ് മൊബൈൽ ഈസേവ കേന്ദ്രം. കേസിന്റെ വിശദാംശങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ, ഓൺലൈൻ പകർപ്പ് അപേക്ഷകൾ, കേസുകളുടെ ഇ- ഫയലിംഗ്, ഇപേയ്‌മെന്റ് സഹായം, കോടതികളുടെ മൊബൈൽ ആപ്പിക്കേഷനുകളിൽ സഹായിക്കൽ, വെർച്വൽ കോടതികളിലെ ട്രാഫിക് ചെലാൻ തീർപ്പാക്കൽ, ജില്ലയിലെ വിദൂര പ്രദേശങ്ങളിലെ അഭിഭാഷകർക്കും, വ്യവഹാരികൾക്കും വീഡിയോ കോൺഫറൻസിംഗ് സൗകര്യം ലഭ്യമാക്കൽ, മൊബൈൽ കോടതിയായി പ്രവർത്തിപ്പിക്കുക, അദാലത്തിന് മുമ്പുള്ള പ്രവർത്തനങ്ങൾ, സംവാദ പ്രോഗ്രാമുകൾ, ബോധവൽക്കരണ പരിപാടികൾ, സാക്ഷി മൊഴി രേഖപ്പെടുത്തൽ തുടങ്ങിയവ ഈ സേവാ കേന്ദ്രയുടെ സവിശേഷതകളാണ്.