റോബോട്ടിക് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ 30 സീറ്റുകൾ
ചെറുതോണി: ഇടുക്കി സർക്കാർ എഞ്ചിനീയറിംഗ് കോളജിൽ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള പുതിയ ബി.ടെക് കോഴ്‌സിന് അനുമതി ലഭിച്ചതായി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോഴ്‌സിനാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകാരം നല്‍കിയത്. 30 സീറ്റുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ അധ്യയന വർഷം തന്നെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി ക്ലാസുകൾ ആരംഭിക്കും. 2001ൽ പ്രവർത്തനം ആരംഭിച്ച കോളജ് ഘട്ടം ഘട്ടമായി അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കോഴ്‌സുകളും അനുവദിച്ച് സംസ്ഥാനത്തെ തന്നെ മികച്ച എഞ്ചിനിയറിംഗ് കോളജുകളിൽ ഒന്നായി മാറിക്കഴിഞ്ഞു. മികച്ച വിജയശതമാനമുള്ള കോളേജിൽ ക്യാമ്പസ് പ്ലേസ്മെൻ്റ് അടക്കം കൃത്യമായി നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ നിന്നായി ആയിരത്തി മുന്നൂറോളം വിദ്യാർത്ഥികളാണ് ഇവിടെ പഠനം നടത്തി വരുന്നത്. രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളുടെ മാനസിക ശാരീരിക ആരോഗ്യ പരിപാലനത്തിന് മുഖ്യ പ്രാധാന്യം നല്‍കി ഇടുക്കി വികസന പാക്കേജിൽ ഉൾപ്പെടുത്തി 2 കോടി രൂപ മുതൽ മുടക്കിൽ മൾട്ടിപർപ്പസ് ജിം ആന്റ് അമെനിറ്റി സെന്റർ നിർമ്മിക്കുന്നതിനുള്ള നടപടികൾ ആയിട്ടുള്ളതായി പ്രിൻസിപ്പൾ ഡോ. ബൈജു ശശിധരൻ, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി ഡോ. മഞ്ജു മാനുവൽ, പി.ടി.എ വൈസ് പ്രസിഡൻ്റ് റോയ് ജോസഫ്, ഡോ. സന്തോഷ്കുമാർ, എസ്. ശുഭകുമാരി, ഫിലുമോൻ ജോസഫ് എന്നിവർ പറഞ്ഞു.
കോഴ്സുകൾ
കമ്പ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എന്നീവിഷയങ്ങളിൽ ബി.ടെക് കോഴ്‌സുകളും പവർ ഇലക്ട്രോണിക്‌സ് ആൻഡ് കൺട്രാൾ, കമ്പ്യൂട്ടർ സയൻസ് ആൻഡ് സിസ്റ്റംസ്, നെറ്റ് വർക്ക് എഞ്ചിനീയറിംഗ്, വി.എൽ.എസ്.ഐ ആൻഡ് എംബെഡ്ഡ്ഡ് സിസ്റ്റംസ് വിഷയങ്ങളിൽ എം.ടെക് കോഴ്‌സുകളും കോളജിലുണ്ട്.