തൊടുപുഴ: സർക്കാർ ആശുപത്രികളിൽ ഡോക്ടറെ കാണുന്നതിന് ഇനി പഴയപോലെ വരി നിന്ന് ചീട്ടെടുക്കേണ്ട, പകരം ഇ-ഹെൽത്ത് കാർഡ് മതി. രോഗികളുടെ ചികിത്സാവിവരങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യുന്ന ഇ-ഹെൽത്ത് കാർഡ് (യു.എച്ച്.ഐ.ഡി) പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുകയാണ്. ഇതുവരെ 22 ആരോഗ്യകേന്ദ്രങ്ങളിൽ പദ്ധതി പൂർണമായും യാഥാർത്ഥ്യമായി. ഇവിടങ്ങളിൽ കാർഡ് വഴി ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ടോക്കൺ പ്രിന്റ് എടുത്താൽ നേരിട്ട് ഡോക്ടറെ കാണാനാകും. ഇതില്ലെങ്കിൽ റിസപ്ഷനിൽ നിന്ന് പ്രിന്റ് വാങ്ങിയും ഡോക്ടറെ കാണാം. ഈ സമയം നോക്കി രോഗിയ്ക്ക് ആശുപത്രിയിൽ എത്തിയാൽ മതിയാകും. ഫാമിലി ഹെൽത്ത് സെന്ററുകളിലാണ് യുണീക് ഹെൽത്ത് ഐഡന്റിറ്റി കാർഡ് കൂടുതലും നടപ്പിലാക്കിയിരിക്കുന്നത്. ഈ ആശുപത്രികളിലെത്തുന്ന മുഴുവൻ ആളുകൾക്കും ചികിത്സയ്ക്കായി ഹെൽത്ത് കാർഡ് ആവശ്യമാണ്. ആധാർ നമ്പർ നൽകിയാൽ കാർഡ് എടുക്കാം. ജില്ലയിൽ ഇതുവരെ 7.8 ലക്ഷം പേർ യു.എച്ച്.ഐ.ഡി കാർഡ് എടുത്ത് കഴിഞ്ഞു. ഇതിൽ 16026 പേർ ഓൺലൈൻ വഴിയാണ് എടുത്തിരിക്കുന്നത്. ഇതിന് പുറമേ നെടുങ്കണ്ടം താലൂക്ക് ആശുപത്രി റിസപ്ഷനിലും ഓൺലൈൻ സംവിധാനമൊരുക്കിയിട്ടുണ്ട്.
കാർഡിൽ ചികിത്സാ രേഖകളും
യു.എച്ച്.ഐ.ഡി കാർഡ് എടുത്താൽ രോഗിയുടെ എല്ലാ ചികിത്സാരേഖകളും വിവരങ്ങളും ലഭ്യമാകും. വിവിധ ലാബ് പരിശോധനകൾ, കഴിക്കുന്ന മരുന്നുകൾ, രോഗവിവരം, പരിശോധിച്ച ഡോക്ടർ തുടങ്ങി രോഗിയെ സംബന്ധിച്ച മുഴുവൻ വിവരങ്ങളും കാർഡിലുണ്ടാകും. ഇതിനാൽ മറ്റ് ആശുപത്രികളിൽ ചികിത്സയ്ക്കായി കൈയും വീശി രോഗികൾക്ക് പോകാം. തൊടുപുഴ ജില്ലാ ആശുപതിയിലും പീരുമേട്, കട്ടപ്പന, അടിമാലി താലൂക്ക് ആശുപത്രികളിലും ഈ സംവിധാനം പൂർണമായിട്ടില്ല. നിലവിൽ ഇവിടെ ഓൺലൈൻ ചീട്ട് ബുക്കിംഗ് സൗകര്യം മാത്രമാണുള്ളത്.
ഓൺലൈൻ വഴിയും ആപ്പ് വഴിയുമെടുക്കാം
യു.എച്ച്.ഐ.ഡി കാർഡ് ഓൺലൈൻ വഴിയും ആപ്പ് വഴിയും ആർക്കും നേരിട്ട് എടുക്കാം. http://ehealth.Kerala.gov.in എന്ന പോർട്ടൽ വഴി ആധാർനമ്പർ നൽകി രജിസ്റ്റർ ചെയ്യാം. ഇതിനായി ആധാറുമായി കണക്ട് ചെയ്തിരിക്കുന്ന മൊബൈൽ നമ്പർ ആവശ്യമാണ്. ഇതിൽ വരുന്ന ഒ.ടി.പി നൽകിയ ശേഷം കാർഡ് എടുക്കാവുന്നതാണ്. ഇത് പ്രിന്റെടുത്തും സൂക്ഷിക്കാം. കൂടാതെ എം.ഇ ഹെൽത്ത് ആപ്പ് വഴിയും കാർഡ് എടുക്കാം. ഇതിനാകാത്തവർക്ക് ആശുപത്രിയിൽ നേരിട്ട് എത്തിയാൽ മതി.
'പുതിയ ആശുപത്രികളിലും 10 വർഷത്തിൽ താഴെ കാലപ്പഴക്കമുള്ളതുമായ ആശുപത്രികളിലാണ് പദ്ധതി നടപ്പാക്കുന്നത്. മറ്റ് ആശുപത്രികളിൽ മാനദണ്ഡപ്രകാരം ഘട്ടം ഘട്ടമായി നടത്തും. "
-ഷീനു (ജില്ലാ പ്രൊജക്ട് എൻജിനിയർ)