തൊടുപുഴ: ബസ് സർവ്വീസ് നടത്താൻ കഴിയുന്ന വിധത്തിൽ ഉടുമ്പന്നൂർ- ആൾക്കല്ല്- തെരുവക്കുന്ന്- പെരിങ്ങാശ്ശേരി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പദ്ധതി നിർദ്ദേശത്തിൽ കാലതാമസം കൂടാതെ തീരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദ്ദേശം നൽകി. റോഡിന്റെ വിശദമായ എസ്റ്റിമേറ്റ് 2023 ആഗസ്റ്റ് 19ന് സർക്കാരിലേക്ക് അയച്ചിട്ടുള്ളതായി ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും ഇളംദേശം ബ്ലോക്ക് സെക്രട്ടറിയും കമ്മിഷനെ അറിയിച്ച സാഹചര്യത്തിലാണ് ഉത്തരവ്. 2022 ഒക്ടോബർ 19ന് മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ റോഡ് നന്നാക്കാൻ നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ജൂൺ 16ന് മനുഷ്യാവകാശ കമ്മിഷൻ കേസ് വീണ്ടും പരിഗണിച്ചു. തൊഴിലുറപ്പ് പദ്ധതി, എം.പി ഫണ്ട്, ബ്ലോക്ക് പഞ്ചായത്ത് പ്ലാൻ ഫണ്ട്, ഗ്രാമപഞ്ചായത്ത് പ്ലാൻ ഫണ്ട് എന്നിവ ഉപയോഗപ്പെടുത്തി റോഡിന്റെ ദുർഘടമായ ഭാഗങ്ങൾ നന്നാക്കാൻ 31,55,160 രൂപ ചെലവിട്ടതായി റിപ്പോർട്ടിൽ പറഞ്ഞു. ബസ് സർവീസ് നടത്തുന്ന തരത്തിൽ റോഡ് നന്നാക്കണമെങ്കിൽ മൂന്ന് കോടിയോളം രൂപ ചെലവുണ്ടെന്നും റിപ്പോർട്ടിലുണ്ട്. റോഡിന്റെ വശങ്ങൾ, പാലങ്ങൾ, കലിങ്കുകൾ എന്നിവ നിർമ്മിക്കേണ്ടതുണ്ട്. ഇതിന് വേണ്ടി 4.85 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുണ്ട്. എന്നാൽ പഞ്ചായത്തിന് ഇത്രയും ഭാരിച്ച തുക വിനിയോഗിക്കാൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. എസ്റ്റിമേറ്റ് സർക്കാരിന് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. മൂടാങ്കല്ലി തോട്ടിൽ ഒരു പാലമോ കലുങ്കോ വരേണ്ടത് അത്യാവശ്യമാണെന്നും താത്കാലികമായെങ്കിലും റോഡിന്റെ അറ്റകുറ്റപണികൾ ചെയ്യണമെന്നും നാട്ടുകാർക്ക് വേണ്ടി പരാതി നൽകിയ എം.എ. വിശ്വംഭരൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ സംയുക്തമായി കൂടിയോലോചിക്കണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിൽ പറഞ്ഞു.
475 പട്ടികവർഗ കുടുംബങ്ങളുള്ള പ്രദേശം
475 പട്ടികവർഗ കുടുംബങ്ങളും ഇതരസമുദായക്കാരും താമസിക്കുന്ന സ്ഥലമാണ് ഇവിടം. നാല് കിലോമീറ്ററാണ് റോഡിന്റെ ദൈർഘ്യം. ഇത് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങളായി.