മൂന്നാർ: വിദ്യാഭ്യാസ രംഗത്ത് കേരളം കൈവരിച്ച എല്ലാ ഉയർച്ചകൾക്കും നേട്ടങ്ങൾക്കും പിന്നിൽ യു.ഡി.എഫ് സർക്കാരുകളാണെന്ന് മുൻ എം.എൽ.എ എ.കെ. മണി പറഞ്ഞു. മൂന്നാറിൽ നടന്ന കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന യൂത്ത് ക്യാമ്പിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയോര മേഖലയായ മൂന്നാറിൽ സർക്കാർ കോളേജ് അനുവദിച്ചത് കെ. കരുണാകരൻ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ്. കേരളത്തിലെ എല്ലാ ജില്ലകളിലും സർക്കാർ മെഡിക്കൽ കോളേജുകൾ അനുവദിച്ചത് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിലാണ്. എന്നാൽ തുടർന്നു വന്ന ഇടത് സർക്കാരുകൾക്ക് ഒമ്പത് വർഷം ഭരിച്ചിട്ടും പല മെഡിക്കൽ കോളജുകളിലും ശരിയായ ചികിത്സാ സൗകര്യങ്ങൾ ഒരുക്കാനും പുതിയ സ്ഥാപനങ്ങൾ ആരംഭിക്കാനും കഴിഞ്ഞിട്ടില്ല. വിദ്യാഭ്യാസമേഖലയും ആരോഗ്യരംഗവും ആകെ കുത്തഴിഞ്ഞ അവസ്ഥയിലുമാണെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജോബിൻ കെ. കളത്തിക്കാട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ. അബ്ദുൽ മജീദ് മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, ട്രഷറർ അനിൽ വട്ടപ്പാറ, ബി. സുനിൽകുമാർ, ടി.യു. സാദത്ത്, സാജു ജോർജ്ജ്, എം.കെ. അരുണ, പി.എം. നാസർ, പി.എസ്. മനോജ്ജ്, പി.പി. ഹരിലാൽ, ടി. ആബിദ്, തനൂജ ടീച്ചർ, സുനിൽ ടി. തോമസ്, ഷിന്റോ ജോർജ്ജ്, ബിജോയ് മാത്യു, ജോർജ് ജേക്കബ്, ജെ. ബാൽമണി, കെ.എസ്. സബിൻ, കെ. ദീപക്, ജോബിൻ പോൾ, ദാവീദ് രാജ എന്നിവർ പ്രസംഗിച്ചു.