തൊടുപുഴ: ഉടുമ്പഞ്ചോലയിലെ ഇരട്ട വോട്ടുകൾ ഒഴിവാക്കി സംസ്ഥാന സർക്കാർ മാതൃകയാവണമെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. വോട്ടർ പട്ടികയിലെ വ്യാപകമായ ക്രമക്കേടുകൾ ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാ സഖ്യത്തിലെ എം.പിമാർ തിരഞ്ഞെടുപ്പ് കമ്മിഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ സി.പി.എം എം.പിമാരും പങ്കെടുത്തത് സ്വാഗതാർഹമാണ്. ഇരട്ടവോട്ട് വിഷയത്തിൽ സി.പി.എമ്മിന് പ്രതിബദ്ധതയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ സംസ്ഥാനത്തെ വോട്ടർ പട്ടികകളിലെ ഇരട്ട വോട്ടുകൾ നീക്കം ചെയ്ത് മാതൃക കാണിക്കുകയാണ് വേണ്ടത്. ജില്ലയിലെ ഉടുമ്പഞ്ചോല, പീരുമേട്, ദേവികുളം നിയോജക മണ്ഡലങ്ങൾ ഇടതു മുന്നണി പിടിച്ചെടുത്തത് ഇരട്ട വോട്ടുകളുടെ പിൻബലത്തിലാണെന്ന് എല്ലാവർക്കുമറിയാം. ഉടുമ്പഞ്ചോലയിൽ മാത്രം തമിഴ്നാട്ടിലും കേരളത്തിലും വോട്ടുള്ള പതിനായിരത്തിനു മേൽ വോട്ടർമാരുണ്ട് എന്നാണ് പ്രാഥമിക വിലയിരുത്തൽ. ആദ്യ പടിയായി ഉടുമ്പഞ്ചോലയിലെ ഇരട്ട വോട്ടുകൾ പൂർണ്ണമായും ഒഴിവാക്കി വോട്ടർ പട്ടിക ശുദ്ധീകരികരിച്ച് മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാകാൻ സി.പി.എമ്മിന്റെ നേതൃത്തിലുള്ള സംസ്ഥാന സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.