busaxi

അടിമാലി: രാജാക്കാട് കുത്തങ്കലിന് സമീപം വട്ടക്കണ്ണി പാറയിൽ വാഹന അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. ചെന്നൈയിൽ നിന്നും മൂന്നാറിലേക്ക് വിനോദസഞ്ചാരത്തിനായി എത്തിയവരുടെ മിനി ബസ്സാണ് കൊടും വളവിൽ നിയന്ത്രണംനഷ്ടമായി അപകടത്തിൽപ്പെട്ടത്. കുത്തനെയുള്ള ഇറക്കമിറങ്ങി വന്ന വാഹനം കൊടുംവളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തുണ്ടായിരുന്ന വൈദ്യുതി പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിൽ 11 പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ രാജാക്കാട്ടുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 6 കുട്ടികൾ അടക്കം 19 യാത്രക്കാരും ഡ്രൈവറുമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർക്കും പരിക്കേറ്റു. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്.തുടർന്ന് അടിമാലിയിൽ നിന്നും നെടുങ്കണ്ടത്തു നിന്നും ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തിയിരുന്നു. കഴിഞ്ഞ വർഷം ഏപ്രിൽ 13ന് ഇതേ വളവിൽ മിനി ബസ് അപകടത്തിൽപ്പെട്ട് പത്തു വയസ്സുകാരിയും അമ്മയും മരണപ്പെട്ടിരുന്നു.