കട്ടപ്പന: കല്ലുകുന്നിൽ പുതുതായി നിർമിച്ച സ്മാർട്ട് അങ്കണവാടിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ 50 വർഷമായി പ്രവർത്തിച്ച് വരുന്ന അങ്കണവാടിയാണ് പുതുക്കിപ്പണിത് സ്മാർട്ട് അങ്കണവാടിയാക്കിയിരിക്കുന്നത്. കുട്ടികളുടെ മാനസികവും ശാരീരികവുമായ വികസനത്തിനും ശിശു സൗഹൃദപരമാക്കുന്നതിന്റെയും ഭാഗമായാണ് അങ്കണവാടിയെ സ്മാർട്ടാക്കി മാറ്റുന്നത്. പഠനമുറി, വിശ്രമമുറി, ഭക്ഷണമുറി, അടുക്കള, സ്റ്റോറും, ഇൻഡോർ പ്ലേ ഏരിയ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കല്ലുകുന്ന് കുടിവെള്ള പദ്ധതിക്ക് വാട്ടർടാങ്ക് നിർമിക്കാൻ സ്ഥലം ഏറ്റെടുത്ത ഗുണഭോക്താവിന് തുകയും ചടങ്ങിൽ കൈമാറും. കുടിവെള്ളം ശുചീകരിക്കാനുള്ള ഫിൽട്ടർ ഉൾപ്പെടെ സജ്ജീകരിച്ചിട്ടുണ്ട്. 300 പേർ ഗുണഭോക്താക്കളായുള്ള കുടിവെള്ള പദ്ധതിയിൽ 100 പേരെ കൂടി സൗജന്യ കണക്ഷനിൽ ഉൾപ്പെടുത്തിയതായി നഗരസഭ കൗൺസിലർ ധന്യ അനിൽ പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ നഗരസഭ കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.