കട്ടപ്പന: കൊച്ചുതോവാളയിൽ കഴിഞ്ഞ ദിവസമുണ്ടായ ലഹരി മാഫിയ ഗുണ്ടാ അക്രമണത്തിനെതിരെ കൊച്ചുതോവാള ജനകീയ സമിതി പ്രതിഷേധയോഗം നടത്തി. കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ബീന ടോമി അദ്ധ്യക്ഷയായി. നിരവധി ആളുകൾ പ്രതിഷേധ യോഗത്തിൽ പങ്കെടുത്തു. ഒരാഴ്ച മുമ്പാണ് ലഹരി മാഫിയ പ്രദേശത്തെ വീടുകളിൽ കയറിയും വഴിയിൽ നിന്നവരെയും യാതൊരു കാരണവുമില്ലാതെ ആക്രമിച്ചത്. സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെ നിരവധി പേർക്കാണ് അന്ന് പരിക്കേറ്റത്. അക്രമികളെ പിടികൂടി റിമാൻഡ് ചെയ്തെങ്കിലും നാളുകളായി മേഖലയിൽ ലഹരി മാഫിയ സജീവമാണ്. മേഖലയിൽ വീണ്ടും ഇത്തരമൊരു സംഭവം ഉണ്ടാകാതിരിക്കാനാണ് ജനകീയ സമിതി രൂപീകരിച്ചിരുന്നത്.
= ലഹരി മാഫിയയെ മേഖലയിൽ നിന്നും തുടച്ചുനീക്കുവാനുള്ള ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുവാനാണ് സമിതിയുടെ തീരുമാനം. ലഹരിക്ക് അടിമയായവരെ കണ്ടെത്തി ഡീ അഡിക്ഷൻ സെന്ററിൽ എത്തിക്കാനും യോഗം തീരുമാനിച്ചു.
കൊച്ചുതോവാള പള്ളി വികാരി ഫാ. ഇമ്മാനുവൽ മടുക്കക്കുഴി, എസ്.എൻ.ഡി.പി യോഗം ശാഖാ സെക്രട്ടറി അഖിൽ കൃഷ്ണൻകുട്ടി, കട്ടപ്പന നഗരസഭ കൗൺസിലർമാരായ സിബി പാറപ്പായിൽ, സുധർമ മോഹനൻ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സിജു ചക്കുംമൂട്ടിൽ, സി.പി.എം ഏരിയ കമ്മിറ്റിയംഗം ടോമി ജോർജ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് അഡ്വ. സുജിത്ത് ശശി, അപ്‌കോസ് പ്രസിഡന്റ് ബിനോയ് വെണ്ണിക്കുളം, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ജി.എം രാജു, സുരേഷ് ആനിക്കാട് പറമ്പിൽ എന്നിവർ സംസാരിച്ചു.