പീരുമേട്: വനവിഭവം ശേഖരിക്കാൻ ഭർത്താവിനും രണ്ട് മക്കൾക്കുമൊപ്പം കാട്ടിൽ പോയ പീരുമേട് പ്ലാക്കത്തടം ഊരിലെ ആദിവാസി വീട്ടമ്മ സീത (42) മരിച്ചത്‌ കാട്ടാനയുടെ ആക്രമണത്തിൽ തന്നെയാണെന്ന് വ്യക്തമാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകി. സീത മരിച്ച് രണ്ട് മാസമാകുമ്പോഴാണ് നരഹത്യയാണെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് തള്ളി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്. മൃതദേഹത്തിലുള്ള പരിക്കുകൾ കാട്ടാന ആക്രമണത്തിലുണ്ടായതാണെന്നും പൊലീസ് വ്യക്തമാക്കുന്നു. ജൂൺ 13ന് വനവിഭവം ശേഖരിക്കാൻ മീൻമുട്ടി വനത്തിൽ പോയ സീതയുടെ മരണം കാട്ടാന ആക്രമണം മൂലമാണെന്ന് ദൃക്സാക്ഷികളായ ഭർത്താവ് ബിനുവും രണ്ട് മക്കളും ആവർത്തിച്ച് വ്യക്തമാക്കിയപ്പോഴും നരഹത്യയാണെന്നായിരുന്നു പോസ്റ്റ്‌മോർട്ടം ചെയ്ത പീരുമേട് താലൂക്ക് ആശുപത്രിയിലെ അസി. സർജൻ ആദർശ് രാധാകൃഷ്ണന്റെ കണ്ടെത്തൽ. മൃതദേഹത്തിൽ മൽപിടുത്തത്തിന്റെ പാടുകളും പലതവണ തല മരമോ കല്ലോ പോലുള്ള പരുക്കൻ പ്രതലത്തിൽ ഇടിപ്പിച്ചതിന്റെയും ലക്ഷണങ്ങൾ കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് മരണം കാട്ടാന ആക്രമണത്തിലാണോയെന്ന് സംശയമുണ്ടെന്ന് കോട്ടയം ഡി.എഫ്.ഒയും കൊലപാതകമാണെന്ന് വനംമന്ത്രിയും പറഞ്ഞതോടെ ഭർത്താവ് ബിനു സംശയനിഴലിലായി. ഭാര്യയെ കൊലപ്പെടുത്തിയ ബിനു കസ്റ്റഡിയിലാണെന്നും ഇയാളുടെ കള്ളം പൊളിഞ്ഞെന്നുമുള്ള തരത്തിൽ വാർത്ത വരികയും ചെയ്തു. ഇതെല്ലാം നിഷേധിച്ച പൊലീസ് പീരുമേട് ഡിവൈ.എസ്.പി വിശാൽ ജോൺസന്റെ നേതൃത്വത്തിൽ രണ്ട് എസ്.എച്ച്.ഒമാരെ ഉൾപ്പെടുത്തി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചു. ജൂൺ 16ന് സംഭവം നടന്ന വനപ്രദേശത്ത് പൊലീസ്, വനം വകുപ്പ്, ഫോറൻസിക് ഉദ്യോഗസ്ഥർ സംയുക്തമായി നടത്തിയ പരിശോധനയിൽ കാട്ടാന ആക്രമണം നടന്നതിന്റെ ലക്ഷണങ്ങൾ കണ്ടെത്തി. സീതയും കുടുംബവും വനത്തിലേക്ക് കൊണ്ടുപോയ അരി ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കൾ ആന നശിപ്പിച്ചതായും കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ടും ഇക്കാര്യം സ്ഥിരീകരിച്ചു. തുടർന്ന് ഒരു മാസത്തിലേറെ നീണ്ട അന്വേഷണത്തിലാണ് കാട്ടാന ആക്രമണം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. സീതയെ വനത്തിനു പുറത്തേക്ക് എടുത്തു കൊണ്ടു വരുമ്പോൾ താങ്ങിപ്പിടിച്ചതാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്ന കഴുത്തിലെ പരിക്കിന് കാരണമെന്ന് പൊലീസ് വ്യക്തമാക്കുന്നു. വാരിയെല്ലുകൾ ഒടിഞ്ഞത് കാട്ടാന ആക്രമണത്തിലും ചുമന്നു കൊണ്ടു വരുമ്പോഴും സംഭവിച്ചതാണ്.

സത്യം പുറത്തുകൊണ്ടുവന്നതിന് നന്ദി പറഞ്ഞ് ഊരുമൂപ്പൻ

സീതയുടെ മരണകാരണം കാട്ടാനയുടെ ആക്രമണത്തിലാണെന്ന് പൊലീസ് സ്ഥിരീകരിച്ചതിനെ തുടർന്ന് പ്ലാക്കത്തടം ഊര്മൂപ്പൻ രാഘവൻ സന്തോഷം പ്രകടിപ്പിച്ചു. നരഹത്യയാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നെങ്കിലും കാട്ടാനയുടെ ആക്രമത്തിലാണ് സീത കൊല്ലപ്പെട്ടതെന്ന് രാഘവൻ അന്ന് ഉറപ്പിച്ച് പറഞ്ഞിരുന്നു. ഊരു മൂപ്പന്റെ നേതൃത്വത്തിൽ സീതയുടെ ഭർത്താവ് ബിനുവിന്റെ നീതിക്ക് വേണ്ടി ആദിവാസി സംഘടനകൾ രംഗത്തിറങ്ങിയിരുന്നു. സീതയുടെ മരണകാരണം പുറത്ത് കൊണ്ടുവരാൻ നേതൃത്വം നൽകിയവരെയും അതിന് വേണ്ടി സമരം ചെയ്ത സി.പി.എം, കോൺഗ്രസ് തുടങ്ങിയ രാഷ്ട്രീയ പാർട്ടികളോടും അദ്ദേഹം നന്ദി പറഞ്ഞു. സത്യസന്ധമായി പ്രവർത്തിച്ച് സീതയുടെ മരണം സംബന്ധിച്ച സത്യാവസ്ഥ പുറത്തുകൊണ്ടുവന്ന പൊലീസ് ഉദ്യോഗസ്ഥർക്കും ഊര്മൂപ്പൻ പ്രത്യേകം നന്ദിയും പറഞ്ഞു.