ജില്ലയിൽ 83 ശതമാനം പൂർത്തീകരിച്ചു
തൊടുപുഴ: സാമൂഹ്യ സുരക്ഷാ/ ക്ഷേമനിധി പെൻഷൻ അനുവദിച്ചിട്ടുള്ളവരുടെ മസ്റ്ററിംഗിൽ ജില്ലയിൽ 83 ശതമാനം പൂർത്തിയായി. ആകെയുള്ളത് 1.68 ലക്ഷം പെൻഷൻകാരാണ്. ഇതിൽ 1.40ലക്ഷം പേരും മസ്റ്റർ ചെയ്തു കഴിഞ്ഞു. 2024 ഡിസംബർ 31വരെ സാമൂഹ്യ സുരക്ഷാ പെൻഷന് അനുമതി ലഭിച്ചിട്ടുള്ളവരാണ് നിലവിൽ മസ്റ്ററിംഗ് നടത്തേണ്ടത്. 23 വരെയാണ് മസ്റ്ററിംഗിനായുള്ള അവസാന തീയതിയെങ്കിലും നിലവിലുള്ള കാലാവധി നീട്ടുമെന്നാണ് സൂചന. ഈ വർഷം പെൻഷൻ ലഭിച്ച് തുടങ്ങിയവർ ഒരു വർഷത്തിന് ശേഷം മസ്റ്ററിംഗ് നടത്തിയാൽ മതി. പെൻഷൻ വാങ്ങുന്നവരെല്ലാം ജീവിച്ചിരിക്കുന്നതായി തെളിയിക്കുന്നതിനായാണ് മസ്റ്ററിംഗ് നിർബന്ധമാക്കിയത്. ഇത് വഴി അനർഹരാfവർ പെൻഷൻ വാങ്ങുന്നത് തടയുകയെന്ന ലക്ഷ്യവും സർക്കാരിനുണ്ട്.
വിരലടയാളം
ഒത്തുചേരണം
നിലവിൽ പെൻഷൻ ലഭിച്ചു കൊണ്ടിരിക്കുന്ന എല്ലാ ഗുണഭോക്താക്കളും തുടർന്ന് ലഭിക്കാൻ ഈ കാലയളവിൽ മസ്റ്ററിംഗ് ചെയ്യണം. പെൻഷൻ ഗുണഭോക്താവ് ജീവനോടെയുണ്ടെന്ന് ഉറപ്പാക്കുന്ന പ്രക്രിയയാണ് പെൻഷൻ മസ്റ്ററിംഗ്. കൃത്യമായ ഇടവേളകളിലെ സർക്കാർ നിർദ്ദേശം അനുസരിച്ച് വേണം മസ്റ്ററിംഗിന് പോവാൻ. അറിയാത്തവർക്കായി അതത് പഞ്ചായത്ത് അംഗങ്ങൾ മുഖേനയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയും മസ്റ്ററിംഗ് വിവരങ്ങൾ അറിയിക്കാറുണ്ട്. ഉപഭോക്താവിന് തൊട്ടടുത്തുള്ള അക്ഷയകേന്ദ്രത്തിലെത്തി ആധാറിൽ രേഖപ്പെടുത്തിയിരിക്കുന്ന വിരലടയാളം വഴിയോ, കണ്ണ് വഴിയോ മസ്റ്ററിംഗ് നടത്താൻ കഴിയും. മുമ്പ് ഇത് തികച്ചും സൗജന്യമായൊരു സേവനമായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ അല്ല. അക്ഷയ കേന്ദ്രത്തിൽ നിന്ന് സേവനത്തിനുള്ള തുക നൽകണം. പരമാവധി 30 രൂപയും കിടപ്പുരോഗികൾ, ഭിന്നശേഷിക്കാർ എന്നിവർക്കായി വീട്ടിലെത്തി ചെയ്യുന്ന മസ്റ്ററിംഗിന് പരമാവധി 50 രൂപയുമാണ് നിരക്ക്. പെൻഷൻ വാങ്ങുന്ന വ്യക്തി നേരിട്ടെത്തിയാണ് പെൻഷൻ മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. പെൻഷൻ വാങ്ങുന്നതിനായി തദ്ദേശസ്ഥാപനത്തിൽ നിങ്ങൾ സമർപ്പിച്ച ആധാറിലെ വിരലടയാളവും മസ്റ്ററിംഗ് നടത്തുമ്പോഴുള്ള വിരലടയാളവും ഒന്നായാൽ മാത്രമേ പ്രക്രിയ പൂർത്തിയാക്കാൻ കഴിയൂ. മസ്റ്ററിംഗിന് ആധാർ നിർബന്ധമാണ്.
=കേരളത്തിൽ ഏത് അക്ഷയകേന്ദ്രത്തിൽ നിന്നും മസ്റ്ററിംഗ് നടത്താവുന്നതാണ്. പെൻഷൻ മസ്റ്ററിംഗുമായി ബന്ധപ്പെട്ടുള്ള മുഴുവൻ സംശയങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ദൂരീകരിക്കാം.