തൊടുപുഴ: കുമാരമംഗലം പഞ്ചായത്തിലും കലൂർക്കാട് പഞ്ചായത്തിലും തെരുവുനായ ശല്യം രൂക്ഷം. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ തെരുവ്നായകൾ കൂട്ടംകൂടുന്നത് പതിവ് കാഴ്ചയാണ്. കുട്ടികളാണ് തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ ഇരകളാകുന്നത്. പലയിടങ്ങളിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നത്. ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ പാതകളിൽ കൂടി സഞ്ചരിക്കുന്നത്. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം കൂടുകയും പേ വിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്തതോടെയാണ് ജനങ്ങൾ ഭീതിയിലായത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും നാളുകളായി തെരുവ് നായ ശല്യം രൂക്ഷമാണെന്നും എത്രയും വേഗം നായകളെ പിടികൂടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. തെരുവ് നായ ശല്യം രൂക്ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ആരോപിച്ച് കുമാരമംഗലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഒരു മാസം മുമ്പ് തെരുവുനായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കുമാരമംഗലം പഞ്ചായത്ത് ഭരണസമിതിക്ക് കത്ത് നൽകിയിരുന്നതായി ഡി.വൈ.എഫ്.ഐ നേതൃത്വം പറഞ്ഞു. എന്നാൽ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഭരണ സമിതി കെടുകാര്യസ്ഥത തുടരുന്നതായി ആരോപിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ വാഴവച്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ വാഴ വെച്ച് പ്രതിഷേധിച്ചു. പ്രതിഷേധ പരാതിപാടി ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ശരത് ഉദ്ഘാടനം ചെയ്തു. കുമാരമംഗലം ലോക്കൽ സെക്രട്ടറി ഒ.വി ബിജു, ഏഴലൂർ ലോക്കൽ സെക്രട്ടറി ഹാരിസ് എന്നിവർ സംസാരിച്ചു.
കലൂരിൽ മൂന്ന് പേർക്ക്
കടിയേറ്റു
ഇടുക്കി- എറണാകുളം ജില്ലകളുടെ അതിർത്തിയായ കലൂരിലുണ്ടായ തെരുവ് നായ അക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പുതിയപറമ്പിൽ ഉല്ലാസ്, കൂനംപ്ലാക്കൽ ബേബി, കാനത്തിൽ വിൽസൺ എന്നിവരുൾപ്പെടെയുള്ളവർക്ക് നായയുടെ കടിയേറ്റു. ഇവർ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ഇന്നലെ രാവിലെ ഒമ്പതരയോടെ തൊടുപുഴ കലൂർ ഐപ്പ് മെമ്മോറിയൽ സ്‌കൂളിന് സമീപത്തെ കടയുടെ മുന്നിൽ വച്ചാണ് സംഭവം. ഉല്ലാസിനാണ് ആദ്യം കടിയേറ്റത്. തുടർന്ന് റോഡിലൂടെ ഓടിയെത്തിയ തെരുവ് നായ ഓട്ടോ ഡ്രൈവറായ വിൽസനെ കടിച്ചു. ഈ സമയം സമീപത്തെ കടയുടെ മുന്നിൽ നിന്നവർക്ക് നേരെയും നായ കടിക്കാനായി ഓടിയെത്തി. ഇവർ വടിയും കല്ലും മറ്റുമായി നായയെ ഓടിച്ചു. റോഡിൽ കൂടി തന്നെയോടിയ നായ സമീപത്തെ കൃഷിയിടത്തിൽ പണിയെടുക്കുകയായിരുന്ന ബേബിയെയും കടിച്ചു. ഇതേ സമയം അവിടെയുണ്ടായിരുന്ന വേറൊരു പട്ടിയെ കടിച്ചു കൊല്ലുകയും ചെയ്തു. നായ എവിടേക്കാണ് ഓടിയതെന്ന് വ്യക്തതയില്ലാത്തതിനാൽ പ്രദേശത്തെ ആളുകൾ ആശങ്കയിലായി. വ്യാപാരികളിൽ ചിലർ ഏതാനും സമയം കടകളുടെ ഷട്ടറുകൾ താഴ്ത്തിയിട്ടു. സമീപത്തെ സ്‌കൂളിൽ ക്ലാസ് തുടങ്ങുന്ന സമയമായിരുന്നെങ്കിലും തെരുവ് നായ അക്രമണമുണ്ടായപ്പോൾ വിദ്യാർത്ഥികൾ ആരും റോഡിലില്ലാതിരുന്നത് ആശ്വാസമായി. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്നവർ വിവരമറിയിച്ചതിനെ തുടർന്ന് സ്‌കൂളിലേക്ക് നായയെത്താതിരിക്കാനായി ഗേറ്റ് പൂട്ടുകയും വിദ്യാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകുയും ചെയ്തു. കുമാരമംഗലം, കല്ലൂർക്കാട് പഞ്ചായത്തുകളിൽ ഉൾപ്പെട്ട ഭാഗത്താണ് തെരുവ് നായ അക്രമണം ഉണ്ടായത്.