കുമാരമംഗലം: ചിങ്ങം ഒന്നിന് കർഷക ദിനാചരണത്തിന്റെ ഭാഗമായി കുമാരമംഗലം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ 17ന് രാവിലെ 10 മുതൽ കർഷക ദിനാചരണവും വിളംബര ജാഥയും പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിക്കലും നടത്തും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനി സാബു ഉദ്ഘാടനം ചെയ്യും. മികച്ച കർഷകരെ ജില്ലാ പഞ്ചായത്തംഗം ഇന്ദു സുധാകരൻ ആദരിക്കും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിബിൻ വർഗ്ഗീസ് മുഖ്യപ്രഭാഷണം നടത്തും. കൃഷി ഡെപ്യൂട്ടി ഡയറക്ടർ എം.എസ്. ജോൺസൺ പദ്ധതി വിശദീകരണം നടത്തും. കൂൺ കൃഷിയും സാദ്ധ്യതകളും എന്ന വിഷയത്തിൽ കൂൺ കർഷകനായ സിബി മാത്യു ക്ലാസെടുക്കും. ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, കാർഷിക വികസന സമിതി അംഗങ്ങൾ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ആര്യാംബ ടി.ജി, വെറ്ററിനറി സർജൻ ഗ്ലാഡി എം. വെമ്പിള്ളി, കർഷകർ എന്നിവർ പങ്കെടുക്കും. രാവിലെ 9.30 ന് കുമാരമംഗലം സർവ്വീസ് സഹകരണ ബാങ്കിന് മുന്നിൽ നിന്ന് കർഷക ദിനാഘോഷ വിളംബര ജാഥ ആരംഭിക്കും. മുതിർന്ന കർഷകനായ ഫിലിപ്പ് മാടശ്ശേരിൽ, ജൈവ കർഷക വിഭാഗത്തിൽ ആന്റണി കലൂർത്തൊട്ടിയിൽ, സമ്മിശ്ര കർഷകനായി ബേബി മുണ്ടുനടയിൽ, വനിതാ കർഷകയായി ജലേഷ് കല്ലിങ്കക്കുടിയിൽ, ക്ഷീര കർഷകനായി സ്റ്റാൻലി ജോർജ് കുന്നക്കാട്ട്, വിദ്യാർത്ഥി കർഷകയായി കുമാരി അൽഫോൻസ എം.ജി (മദർ & ചൈൽഡ് ഫൗണ്ടേഷൻ പൈങ്കുളം) മികച്ച ജെ.എൽ.ജി ഗ്രൂപ്പായി ഏഴല്ലൂർ വിജയ ജെ.എൽ.ജി ഗ്രൂപ്പിനെയും ചടങ്ങിൽ ആദരിക്കും. കൃഷി ഓഫീസർ ആർദ്ര ആൻ പോൾ സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ ടി.കെ. ലേഖ നന്ദിയും പറയും.