കട്ടപ്പന : കൃത്യനിർവഹണത്തിൽ അടക്കം വിവിധങ്ങളായ ആരോപണങ്ങൾ ഉയർന്നതോടെ താൽക്കാലിക ജീവനക്കാരനെതിരെ സ്വികരിച്ച നടപടിയിൽ ഉപ്പുതറ പഞ്ചായത്ത് ഭരണസമിതിയിൽ ഭിന്നത.സി.പി.എം,കോൺഗ്രസ് അംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നത ഇരുമുന്നണികളേയും പ്രതിസന്ധിയിലാക്കി.
യഥാസമയം പദ്ധതി സമർപ്പിക്കാതെ സ്‌പോർട്സ് കൗൺസിലിൽ നിന്ന് കിട്ടേണ്ട നാല് കോടി നഷ്ടമാക്കിയെന്നായിരുന്നു താൽക്കാലിക ജീവനക്കാരന് എതിരെയുണ്ടായ ആദ്യത്തെ പരാതി. പിന്നീടാണ് കരാർ കാലാവധി കഴിഞ്ഞിട്ടും ജോലിയിൽ തുടരുകയാണെന്ന് കാര്യം ഭരണ സമിതിയ്ക്ക് മനസ്സിലായത്. അതിനിടെ ബിനാമി പേരിൽ കരാറെടുത്ത് കണ്ണംപടി ആദിവാസി ഉന്നതിയിൽ നിർമാണം പൂർത്തിയാക്കാതെ സാംസ്‌കാരിക നിലയത്തിന്റെ മുഴുവൻ പണവും മാറിയെടുത്തെന്ന പരാതിയുയർന്നത്.വീട് നിർമാണം പൂർത്തികരിക്കാതെ ആദിവാസികളെ കബളിപ്പിച്ചെന്നും ഇയാൾക്കെതിരെ പരായി ഉണ്ടായി. തുടർന്നാണ് ജീവനക്കാരനെ പിരിച്ചു വിടാൻ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചത്.
കരാർ കാലാവധി കഴിഞ്ഞു ജോലിയിൽ തുടരുകയും ആദിവാസികളുടെ ഫണ്ട് തട്ടിയെടുക്കുകയും ചെയ്‌തെന്ന പരാതിയിൽ താൽക്കാലിക ജീവനക്കാരനെ പിരിച്ചു വിട്ടതാണ് നിലവിലെ സംഭവത്തിന് തുടക്കം. ഇയാളുടെ പരാതി അന്വേഷിച്ച് നടപടിയെടുക്കാൻ കോടതി നിയോഗിച്ച അപ്രൈസറി കമ്മറ്റി ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തിയതോടെയാണ് ഭരണ സമിതിയിലെ ഭിന്നത പുറത്തായത്. എല്ലാ
തെളിവുകളും നേരത്തേ കിട്ടിയിട്ടും അപ്രൈസറി കമ്മറ്റി ജീവനക്കാരന് എതിരെ നടപടി എടുത്തിരുന്നില്ല.. ഇത്
രാഷ്ട്രീയ സമ്മർദം മൂലമാണെന്ന് ആക്ഷേപം ഉയർന്നു.തുടർന്നാണ് ഭരണസമിതി അംഗങ്ങളുടെ അഭിപ്രായം തേടാനും, തെളിവ് ശേഖരിക്കാനും ചൊവ്വാഴ്ച അപ്രൈസറി കമ്മറ്റി പഞ്ചായത്തിലെത്തിയത്. സിപിഎം പ്രതിനിധിയായ പഞ്ചായത്ത് പ്രസിഡന്റ്, ഘടക കക്ഷികളിലെ എട്ട് പഞ്ചായത്തംഗങ്ങൾ ജീവനക്കാരന് എതിരെ നടപടി വേണമെന്ന നിലപാട് സ്വീകരിച്ചു. എന്നാൽ സിപിഎമ്മിന്റെ മൂന്നും, കോൺഗ്രസിലെ മൂന്നും അംഗങ്ങൾ ജീവനക്കാരനെ ജോലിയിൽ നിലനിർത്തണമെന്ന് ആവശ്യപ്പെട്ടു.
സിപിഎം ഏലപ്പാറ ഏരിയ സെക്രട്ടറിയായ പഞ്ചായത്തംഗവുംഭരണ സമിതിയിലെ പ്രതിപക്ഷ നേതാവു കൂടിയായ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റും ഒരേ നിലപാട് സ്വീകരിച്ചത് രണ്ടു പാർട്ടിയിലും അഭിപ്രായ ഭിന്നത
രൂക്ഷമാക്കി.പഞ്ചായത്ത് വൈ. പ്രസിഡന്റ് ഉൾപ്പെടെ സിപിഎമ്മിന്റെ മൂന്ന് അംഗങ്ങളും തെളിവെടുപ്പ് ബഹിഷ്‌ക്കരിച്ചു. കോൺഗ്രസിന്റെ പഞ്ചായത്ത് അംഗങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതയ്ക്ക് എതിരെ കേരള കോൺഗ്രസ് പരസ്യമായി രംഗത്തുവന്നു.