അടിമാലി: അടിമാലി ടൗണിൽ ട്രാഫിക് പരിഷ്‌ക്കരണം നടപ്പാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഗതാഗത പരിഷ്ക്കരണം നടപ്പാക്കുകയും കൃത്യമായ മാനദണ്ഡ പ്രകാരം അനധികൃത വാഹനപാർക്കിംഗ് അടക്കം നിയന്ത്രിച്ച് ടൗണിൽ വാഹനയാത്രയും കാൽനടയാത്രയും ഒരുപോലെ സുഗമമാക്കണമെന്നുമുള്ള ആവശ്യം കാലങ്ങളായി നിലനിൽക്കുന്നതാണ്.എന്നാൽ ഇക്കാര്യത്തിൽ ഇനിയും ശാശ്വത പരിഹാരമായിട്ടില്ല. ടൗണിലൂടെ കടന്നു പോകുന്ന ദേശീയ പാതയോരങ്ങളിലും നോ പാർക്കിംഗ് കേന്ദ്രങ്ങളിലുമൊക്കെ തോന്നുംപടിയുള്ള വാഹന പാർക്കിംഗ് ഇപ്പോഴും തുടരുന്നു. ടൗണിലെ നടപ്പാതകളിൽ വരെ ഇരുചക്രവാഹനങ്ങൾ അടക്കം പാർക്ക് ചെയ്ത് പോകുന്ന സ്ഥിതിയുണ്ട്.ഇത് സുഗമമായ കാൽനട യാത്രക്ക് ബുദ്ധിമുട്ടുയർത്തുന്നു.സമയാനുസൃതമായി ട്രാഫിക് പരിഷ്‌ക്കരണം സംബന്ധിച്ച തീരുമാനം കൈ കൊള്ളേണ്ടുന്ന ട്രാഫിക് അഡൈ്വസറി കമ്മിറ്റി പോലും വേണ്ടവിധം നടക്കുന്നില്ലെന്നും ആക്ഷേപം ഉയരുന്നു. ബസ് സ്റ്റാൻഡ് പരിസരത്തും താലൂക്ക് ആശുപത്രി പരിസരത്തും പൊലീസ് സ്റ്റേഷൻ പരിസരത്തുമൊക്കെ വാഹനങ്ങൾ തോന്നുംപടി പാർക്ക് ചെയ്തു പോകുന്ന സാഹചര്യം ടൗണിൽ തിരക്ക് വർധിക്കാൻ ഇടയാക്കുന്നു.വ്യാപാര സ്ഥാപനങ്ങൾക്ക് മുൻപിലെ അനധികൃത പാർക്കിംഗ് വ്യാപാരികൾക്കം ബുദ്ധിമുട്ടാണ്സൃഷ്ടിക്കുന്നത്.വൺവേ റോഡുകളിൽ പോലും നിബന്ധനകൾ പാലിക്കാതെ വാഹനങ്ങൾ തലങ്ങും വിലങ്ങും പായുകയാണ്.ഓണാഘോഷങ്ങളുടെ ഭാഗമായി മൂന്നാറിലേക്ക് കൂടുതൽ സഞ്ചാരികൾ എത്തുന്നതോടെ അടിമാലി ടൗണിൽ ഇനിയും തിരക്കേറും.