ഇടുക്കി: ജില്ലയിൽ ലൈഫ് മിഷൻ ഭവനപദ്ധതിയിൽ ഇതുവരെ 32821 പേർ കരാർ നൽകിയതിൽ 25253 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 7568 വീടുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. 1029.34 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത്. പൂർത്തീകരിച്ച വീടുകളിൽ സ്വന്തമായി ഭൂമിയുള്ളവർക്ക് 23193 വീട് നൽകുകയും 1829 പേർക്ക് ഭൂമി ഉൾപ്പെടെ വീട് നൽകുകയും ചെയ്തിട്ടുണ്ട്. പഞ്ചായത്തുകളിൽ ഏറ്റവും കൂടുതൽ വീട് നിർമ്മിച്ചത് അടിമാലി പഞ്ചായത്താണ്.
1212 വീടുകൾ. 1148 വീടുകളുമായി വണ്ടിപ്പെരിയാറാണ് രണ്ടാമത്. നഗരസഭകളിൽ 1152 വീടുകളുടെ നിർമ്മാണം പൂർത്തീകരിച്ച് കട്ടപ്പനയാണ് മുമ്പിൽ. അടിമാലി, കരിമണ്ണൂർ എന്നിവിടങ്ങളിലെ രണ്ട് ഭവനസമുച്ചയങ്ങളിലായി ഭൂരഹിത ഭവനരഹിതരായ 246 പേരെ പുനരധിവസിപ്പിച്ചു. അതിദരിദ്ര വിഭാഗത്തിൽപ്പെട്ട 212 ഗുണഭോക്താക്കളുടെ വീടുകൾ പൂർത്തീകരിക്കുകയും അതിദരിദ്ര വിഭാഗത്തിൽപ്പെട്ട ഭൂരഹിതരായ 14 ഗുണഭോക്താക്കൾക്ക് ലൈഫ് ചിറ്റിലപ്പിള്ളി ഫൌണ്ടേഷൻ മുഖനേ ഭൂമി വാങ്ങി നൽകുകയും ചെയ്തു. എസ്. സി, എസ്. ടി ഫിഷറീസ് അഡീഷണൽ പട്ടിക പ്രകാരം 1948 വീടുകൾ, ലൈഫ് 2020 ൽ 1731 വീടുകൾ, ഇ.പി.ഇ.പി യിൽ 212 വീടുകൾ, ലൈഫ് പി.എം.എ.വൈ (അർബൻ) 1991 വീടുകൾ, ലൈഫ് പി.എം.എ.വൈ (റൂറൽ) 1851 വീടുകൾ, വിവിധ വകുപ്പുകൾ മുഖേന 1963 വീടുകളും ജില്ലയിൽ പൂർത്തീകരിച്ചു. മണക്കാട്, കുമാരമംഗലം പഞ്ചായത്തുകളിൽ അർഹരായ ഭവനരഹിതരായ എല്ലാ ഗുണഭോക്താക്കളുടെയും കരാർ പൂർത്തീകരിച്ചു. ജില്ലയിലെ 10ലധികം പഞ്ചായത്തുകൾ ഈ വർഷം തന്നെ ഭൂമിയുള്ള ഭവനരഹിതരായ ഗുണഭോക്താക്കളുടെ വീട് നിർമ്മാണം പൂർത്തീകരിക്കും.
ലൈഫ് മിഷൻ പദ്ധതി
സംസ്ഥാനത്തെ അർഹരായ മുഴുവൻ ഭൂരഹിതരായ ഭവനരഹിതർക്കും സ്വന്തമായി തൊഴിലെടുത്ത് ഉപജീവനം നിർവഹിക്കുന്നതിനും സാമൂഹിക പ്രക്രിയകളിൽ മാന്യമായി ഇടപെടുന്നതിനും സാമ്പത്തിക സേവനങ്ങൾ ഉൾപ്പെടെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും പ്രയോജനം ലഭ്യമാക്കാനും ഉതകുന്ന സുരക്ഷിതവും മാന്യവുമായ വീടുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷൻ എന്ന സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതി നടപ്പിലാക്കുന്നത്. വിവിധ വകുപ്പുകൾ മുഖേന നടപ്പിലാക്കുന്ന കേന്ദ്ര/ സംസ്ഥാന സർക്കാർ ഭവനപദ്ധതികൾ ഏകോപിപ്പിച്ച് സമഗ്ര പദ്ധതിയായാണ് ലൈഫ് ഭവനപദ്ധതി നടപ്പാക്കുന്നത്.
പദ്ധതി മൂന്ന് ഘട്ടങ്ങളായി
2000 - 01 മുതൽ 2015 -16 സാമ്പത്തിക വർഷംവരെ വിവിധ സർക്കാർ ഭവന നിർമ്മാണ പദ്ധതികൾ പ്രകാരം ഭവന നിർമ്മാണത്തിന് ധനസഹായം ലഭിച്ചിട്ടും വ്യത്യസ്ത കാരണങ്ങളാൽ അടച്ചുറപ്പുള്ള ഒരു കിടപ്പാടം എന്ന സ്വപ്നം പൂർത്തീകരിക്കാൻ കഴിയാത്ത കുടുംബങ്ങൾക്ക് അവരുടെ സ്വപ്നഭവനങ്ങൾ യാഥാർഥ്യമാക്കുകയെന്നതാണ് ഒന്നാം ഘട്ടമായി ലൈഫ് മിഷൻ ഏറ്റെടുത്ത ദൗത്യം. രണ്ടാംഘട്ടത്തിൽ ഭൂമിയുള്ള ഭവനരഹിതരുടെ ഭവന നിർമ്മാണവും മൂന്നാം ഘട്ടത്തിൽ ഭൂരഹിത ഭവന രഹിതരുടെ പുനരധിവാസവുമാണ് ലക്ഷ്യം. പദ്ധതിയുടെ ഒന്നാം ഘട്ടം ജില്ലയിൽ വിജയകരമായി പൂർത്തീകരിച്ചു. രണ്ടാം ഘട്ടവും മൂന്നാം ഘട്ടവും പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.