തൊടുപുഴ: മുമ്പൊക്കെ മാസത്തിൽ ഒന്നായിരുന്നെങ്കിൽ, ഇപ്പോൾ വന്ന് വന്ന് ദിവസത്തിലൊന്ന് എന്ന മട്ടിലായി. പറഞ്ഞുവരുന്നത് തൊടുപുഴയുടെ പരിസരപ്രദേശങ്ങളിലെ മോഷണത്തെക്കുറിച്ചാണ്. ഓരോ ദിവസവും പുലരുന്നത് ഏതെങ്കിലും സ്ഥലത്തെ മോഷണവാർത്തയുമായാണ്. ഒരു ദിവസം വണ്ണപ്പുറത്താണെങ്കിൽ പിറ്റേന്ന് തൊമ്മൻകുത്ത്, അതിന് പിറ്റേന്നാകട്ടെ ഇലപ്പള്ളിയിൽ...
ഇങ്ങനെ മോഷണ പരമ്പര അവസാനമില്ലാതെ തുടരുകയാണ്. എന്നാൽ ഈ കള്ളന്മാരെയൊന്നും പിടികൂടാനാകാതെ പൊലീസ് വട്ടംകറങ്ങുകയാണ്. ഒരു മാസത്തോളമായി വണ്ണപ്പുറത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒട്ടേറെ വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണവും മോഷണശ്രമവും നടന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെയടക്കം വീടുകളിൽമോഷണശ്രമം നടന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്കടക്കം പ്രദേശവാസികൾ പരാതി നൽകി. ഇതിനിടെ ചൊവ്വാഴ്ച വണ്ണപ്പുറത്ത് നിന്ന് കമ്പിപ്പാരയടക്കമുള്ള ആയുധങ്ങളുമായി മൂന്ന് യുവാക്കളെ പിടികൂടി. ഇതിൽ രണ്ട് പേർ മുമ്പ് മോഷക്കേസിൽ പ്രതികളാണ്. ഈ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കെയാണ് വണ്ണപ്പുറത്ത് രണ്ട് ക്ഷേത്രങ്ങളിൽ മോഷണം നടന്നത്. മോഷ്ടാക്കളെ പിടികൂടിയതിന് അഭിനന്ദനമറിയിച്ച് പൊലീസിന് നഗരത്തിലെമ്പാടും ഫ്ലക്സ് സ്ഥാപിച്ചതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും മോഷണം നടന്നത്. ഈ ഭാഗത്ത് തുടർച്ചയായി മോഷണം നടക്കുന്നതിന് കാരണം പൊലീസ് ജാഗ്രതയില്ലാത്തതിനാലാണെന്ന ആക്ഷേപം ശക്തമാണ്. ഇതിനിടെ ഇലപ്പള്ളിയിലും വീട് കുത്തി തുറന്ന് ലക്ഷങ്ങൾ കവർന്നിരുന്നു. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു മോഷണം. മോഷ്ടാവിന്റെ സി.സി ടി.വി ദൃശ്യമടക്കം പുറത്ത് വന്നിട്ടും പിടികൂടാനാകാത്തത് പൊലീസിന്റെ പിടിപ്പുകേടാണെന്നാണ് ആക്ഷേപമുയരുന്നത്. മോഷണം തുടർക്കഥയായതോടെ രാത്രികാലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് ആവശ്യമുയരുന്നത്.
പ്രത്യേക സംഘത്തെ
നിയോഗിക്കും
വണ്ണപ്പുറം മേഖലയിൽ മോഷണങ്ങൾ തുടർക്കഥയാകുന്ന സാഹചര്യത്തിൽ അന്വേഷിക്കാനായി തൊടുപുഴ സബ് ഡിവിഷന് കീഴിലുള്ള സ്റ്റേഷനിൽ നിന്ന് മിടുക്കരായ പൊലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക സംഘത്തെ നിയോഗിക്കാൻ തീരുമാനം. ഇവർ രാത്രികാലങ്ങളിൽ പ്രത്യേകമായി പട്രോളിംഗും നടത്തും. കാളിയാർ പൊലീസിന്റെ നേതൃത്വത്തിൽ നടത്തുന്ന അന്വേഷണത്തിനും പട്രോളിംഗിനും പുറമേയാണിത്.
'ഉറക്കം നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായി. ഓരോ ദിവസവും ഏത് വീട്ടിലാണ് കള്ളൻ കയറുന്നതെന്നറിയില്ല. പൊലീസിനോട് പരാതി പറഞ്ഞ് മടുത്തു. ഇനി നാട്ടുകാർ രാത്രി കാവലിരിക്കേണ്ടി വരും"
- അരുൺ മാത്യു, വണ്ണപ്പുറം
'സബ് ഡിവിഷനിൽ നിന്ന് പ്രത്യേക സംഘത്തെ നിയോഗിച്ച് എത്രയും മോഷ്ടാക്കളെ പിടികൂടും."
-തൊടുപുഴ ഡിവൈ.എസ്.പി പി.കെ. സാബു