രാജാക്കാട്: ശാന്തമ്പാറ പഞ്ചായത്തിൽ സി.പി.എം വ്യാപകമായി ഇരട്ട വോട്ടുകൾ ചേർക്കുന്നെന്ന് കോൺഗ്രസ് ആരോപണം. ശാന്തമ്പാറ പഞ്ചായത്തിൽ താമസിക്കുന്ന തമിഴ് വംശജരായ ചിലർ സി.പി.എംന്റെ അറിവോടെ തമിഴ്നാട്ടിലെ സ്ഥിരതാമസക്കാരായിട്ടുള്ള അവരുടെ ബന്ധുക്കളെ വോട്ടേഴ്സ് ലിസ്റ്റിൽ ചേർക്കുന്നതായിട്ടാണ് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നത്. ഇതുവരെ കേരളം കാണാത്തവർ പോലും ലിസ്റ്റിൽ ഇടം പിടിച്ചിട്ടുണ്ടത്രേ. പഞ്ചായത്തിൽ ആറ് മാസത്തിലധികമായി സ്ഥിര താമസമുള്ളവരും മതിയായ രേഖകളുള്ളവരും അപേക്ഷ നൽകി പഞ്ചായത്തിൽ ഹിയറിംഗ് നടത്തിയാണ് വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കുന്നത്. പാർട്ടി ഓഫീസിൽ നിന്ന് നൽകുന്ന നിർദ്ദേശപ്രകാരം പഞ്ചായത്തിലെ ഹിയറിംഗ് ഉദ്യോഗസ്ഥൻ മതിയായ രേഖകളുടെ അഭാവത്തിൽ, നേരിട്ടുള്ള ഹിയറിംഗ് നടത്താതെ ലിസ്റ്റിൽ പേര് ചേർത്തിട്ടുണ്ടെന്നാണ് ഇവരുടെ ആക്ഷേപം. കൂടാതെ വാർഡ് വിഭജനം നടത്തിയപ്പോൾ പക്ഷപാതപരമായിട്ടാണ് വിഭജനം നടത്തിയതെന്നും തോന്നും പടിയാണ് അതിരുകൾ നിശ്ചയിച്ചതെന്നും ഇവർ പറയുന്നു. മുള്ളൻതണ്ട്, പുത്തടി, പേത്തൊട്ടി, ആനയിറങ്കൽ, വേട്ടുവൻപാറ എന്നീ തമിഴ് സ്വാധീനമുള്ള മേഖലകളിലാണ് അനധികൃതമായി ലിസ്റ്റിൽ പേര് ചേർക്കുന്നത്. യു.ഡി.എഫിന് സ്വാധീനമുള്ള വാർഡുകളിൽ മറ്റു വാർഡുകളിൽ നിന്ന് എൽ.ഡി.എഫ് പ്രവർത്തകരെ ചേർത്തിട്ടുണ്ടെന്നും 30ന് അന്തിമവോട്ടർ പട്ടിക ഇറങ്ങുമ്പോൾ കള്ളവോട്ടുകളും ഇരട്ട വോട്ടുകളും ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ ഇലക്ഷൻ കമ്മിഷനും കളക്ടർക്കും പരാതി നൽകുമെന്നും കോൺഗ്രസ് നേതാക്കളായ ബിജു വട്ടമറ്റം, എസ്. വനരാജ്, സുരേഷ് ആശാരിപറമ്പിൽ എന്നിവർ പറഞ്ഞു.