പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ജില്ലയിലെ ആദ്യ തേൻ സംരംഭം ഇന്ന് മുതൽ
ഉടുമ്പന്നൂർ: സംസ്ഥാനത്തെ പ്രഥമ ജൈവ തേൻ ഗ്രാമമായ ഉടുമ്പന്നൂരിൽ നിന്ന് 'ഉടുമ്പന്നൂർ ഹണി" എന്ന ബ്രാൻഡ് നെയിമിൽ പുതിയൊരു സംരംഭം വരുന്നു. കർഷകദിനമായ ഇന്ന് തേൻ വിപണിയിലെത്തും. ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന ജില്ലയിലെ ആദ്യ ചെറുതേൻ സംരംഭമാണിത്. 2021ലാണ് പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. ഹോർട്ടികോർപ്പിന്റെ സഹകരണത്തോടെ 2000 രൂപ വിലയുള്ള ഒരു ചെറുതേനീച്ചപ്പെട്ടി യൂണിറ്റ് പഞ്ചായത്തിന്റെ 1000 രൂപ സബ്സിഡിയോടെ കർഷകർക്ക് ലഭ്യമാക്കി. തേനീച്ച വളർത്തലിൽ സൗജന്യ പരിശീലനവും നൽകി. പഞ്ചായത്ത് സബ്സിഡി നൽകിയ അഞ്ഞൂറിലധികം ചെറുതേനീച്ച യൂണിറ്റുകൾ 250 കർഷകരുടെ കൈവശമുണ്ട്. ഒരു പെട്ടിയിൽ നിന്ന് പ്രതിവർഷം ശരാശരി 500 ഗ്രാം മുതൽ 750 ഗ്രാം വരെ തേൻ ലഭിക്കും. തേൻ ബ്രാന്റ് ചെയ്യുന്നതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തിൽ കർഷകരുടെ കൂട്ടായ്മ രൂപീകരിച്ചാണ് പ്രവർത്തനങ്ങൾ നടന്നു വരുന്നത്. ചീനിക്കുഴി ആലിയക്കുന്നേൽ എ.വി. ഖാലിദാണ് കൂട്ടായ്മ കൺവീനർ. പഞ്ചായത്ത് കൃഷിഭവനാണ് പദ്ധതി മേൽനോട്ടം. കർഷക ദിനമായ ഇന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ഉടുമ്പന്നൂർ ഹണിയുടെ വിപണനോദ്ഘാടനം പ്രസിഡന്റ് എം. ലതീഷ് നിർവ്വഹിക്കും. വൈസ് പ്രസിഡന്റ് ആതിര രാമചന്ദ്രൻ അദ്ധ്യക്ഷയാകും. ഭാവിയിൽ സംസ്‌കരണ യൂണിറ്റടക്കം സ്ഥാപിച്ച് വിപുലമായ രീതിയിൽ നടപ്പിലാക്കാനാണ് പഞ്ചായത്തിന്റെ പദ്ധതി.
വിപണിയിലെത്തുക 400 ഗ്രാം ബോട്ടിൽ
ഉത്പാദിപ്പിക്കുന്ന തേനിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്നതിനായി ഹോർട്ടികോർപ്പിന്റെ സർട്ടിഫിക്കേഷനോട് കൂടിയാണ് വിതരണം. തുടക്കത്തിൽ 400 ഗ്രാം ചില്ല് കുപ്പിയിൽ പായ്ക്ക് ചെയ്താണ് വിപണനം. തുടർന്ന് 250, 800 ഗ്രാം കുപ്പികളിലും എത്തിക്കും. വിപണനത്തിനായി സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ വഴിയുള്ള പരസ്യങ്ങൾക്ക് പുറമേ ആവശ്യക്കാർക്ക് ബന്ധപ്പെടാനായി ഫോൺ നമ്പറും പ്രസിദ്ധീകരിക്കും. ഇതിനായി പഞ്ചായത്തിൽ പ്രത്യേക സംവിധാനമൊരുക്കും.
ഉത്പാദിപ്പിക്കുക 300 കിലോ
പ്രതിവർഷം 300 കിലോ ഉത്പാദനവും 7.5 ലക്ഷം രൂപയുടെ വരുമാനവുമാണ് പ്രതീക്ഷിക്കുന്നത്.
''ജൈവതേൻ ഗ്രാമത്തിന്റെ തനിമ നിലനിറുത്തുന്നതിനായി പഞ്ചായത്ത് സബ്സിഡിയും സൗജന്യ പരിശീലനവും നൽകി പ്രോത്സാഹിപ്പിച്ച് കർഷകർ ഉത്പാദിപ്പിക്കുന്ന ഉടുമ്പന്നൂർ ഹണി ഒരു കൂട്ടായ്മയുടെ ഉത്പന്നമാണ്. പഞ്ചായത്തും കൃഷിഭവനും കർഷകരും ഒത്ത് ചേർന്ന് നിർമ്മിക്കുന്ന ശുദ്ധമായ ചെറുതേൻ. ഉടുമ്പന്നൂരിന്റെ കാർഷിക മേഖലയിൽ ഇത് പുതു ചരിത്രമാണ് ""
-എം. ലതീഷ് (പഞ്ചായത്ത് പ്രസിഡന്റ്)