തൊടുപുഴ: പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജനങ്ങളെ അഭിമുഖീകരിക്കാനുള്ള വൈമനസ്യം മൂലമാണ് യു.ഡി.എഫ് ഭരണസമിതിക്കെതിരായി സി.പി.എമ്മും ഡി.വൈ.എഫ്‌.ഐയും സമരങ്ങൾ നടത്തുന്നതെന്ന് കുമാരമംഗലം യു.ഡി.എഫ് മണ്ഡലം കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം കല്ലൂർക്കാട് പഞ്ചായത്തിലെ കലൂരിൽ പേപ്പട്ടി ആക്രമണത്തിൽ മൂന്നു പേർക്ക് പരിക്കേറ്റ സംഭവത്തിലാണ് കുമാരമംഗലം പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ വാഴവെച്ചത്. മുമ്പ് ഈസ്റ്റ് കലൂർ ഭാഗത്ത് മുള്ളിരിങ്ങാട് വനത്തിൽ നിന്ന് രണ്ട് കാട്ടാനകൾ പഞ്ചായത്ത് അതിർത്തിയിൽ എത്തിയതിന്റെ പേരിലും ഇവർ പ്രസിഡന്റിനോട് അപമര്യാദയായി പെരുമാറിയിരുന്നു. ഈ രണ്ട് സംഭവങ്ങളും നിയന്ത്രിക്കേണ്ടത് പഞ്ചായത്ത് ഭരണസമിതിയല്ല. കേന്ദ്ര -സംസ്ഥാന ഗവൺമെന്റുകളാണ്. എന്നാൽ ഡി.വൈ.എഫ്‌.ഐ ധരിച്ചിരിക്കുന്നത് ഇതെല്ലാം കുമാരമംഗലം പഞ്ചായത്തിന്റെ ഉത്തരവാദിത്വമെന്നാണ്. യു.ഡി.എഫ് ഭരണസമിതിയുടെ വികസന നേട്ടങ്ങൾക്കെതിരെ മറ്ര് വിമർശനങ്ങളും ആരോപണങ്ങളും ഉന്നയിക്കാൻ സാധിക്കാത്തതിന്റെ നിരാശയിലാണ് ഇത്തരം സമരങ്ങൾ. ജനം ഇത് തള്ളിക്കളയുമെന്നും ഈ അനീതിക്ക് സി.പി.എമ്മും എൽ.ഡി.എഫും മറുപടി നൽകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. വാർത്താസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻ സുലൈമാൻ വെട്ടിക്കൽ, കൺവീനർ അഡ്വ. സെബാസ്റ്റ്യൻ മാത്യു, സെക്രട്ടറി കെ.വി. ജോസ്, ജോസുകുട്ടി ജോസഫ് എന്നിവർ പങ്കെടുത്തു.