രാജാക്കാട്: മദ്യലഹരിയിൽ മകൻ അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പിതാവിന്റെ നില ഗുരുതരമായി തുടരുന്നു. വെള്ളി രാത്രി ഏഴ് മണിയോടെയാണ് മകൻ സുധീഷ് മദ്യലഹരിയിൽ അമ്മയെയും അച്ഛനെയും മർദ്ദിച്ചത്. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ രാജാക്കാട് ആത്മാവ് സിറ്റി സ്വദേശി വെട്ടികുളം വീട്ടിൽ മധു (57) തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മദ്യ ലഹരിയിൽ വീട്ടിലെത്തിയ സുധീഷ് അമ്മയെ മർദ്ദിക്കുന്നത് കണ്ട് ചോദ്യം ചെയ്ത പിതാവിനെ ഇയാൾ മാരകമായി മർദിക്കുകയും വെട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു.

മർദ്ദനമേറ്റ് അവശനിലയിൽ റോഡിൽ കിടന്നിരുന്ന മധുവിനെ പ്രദേശവാസികൾ ചേർന്ന് ആദ്യം രാജാക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൊടുപുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരുന്ന മധു അപകടനില തരണം ചെയ്തിട്ടില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

മകൻ സുധീഷ് ഉടുമ്പൻചോല പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്‌.