pj
ശതാഭിഷക്തനായ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൊമന്റോ കൈമാറുന്നു. ഫ്രാൻസിസ് ജോർജ്ജ് എം.പി, ഡീൻ കുര്യാക്കോസ് എം.പി, സി.പി. മാത്യു, ഇ.എം. ആഗസ്തി, എം.ജെ. ജേക്കബ് എന്നിവർ സമീപം

തൊടുപുഴ: ശതാഭിഷേക നിറവിലുള്ള യു.ഡി.എഫ് സ്ഥാപക കൺവീനറും കേരളാ കോൺഗ്രസ് ചെയർമാനുമായ പി.ജെ. ജോസഫ് എം.എൽ.എയ്ക്ക് യു.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ ആദരം. ഇന്നലെ മുട്ടം റൈഫിൽ ക്ലബിൽ ചേർന്ന ജില്ലാ നേതൃയോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മൊമന്റോ നൽകി ജോസഫിനെ ആദരിച്ചു. മുതിർന്ന നേതവായ പി.ജെ. ജോസഫിനെ ആദരിക്കാൻ കിട്ടിയ നിയോഗം തനിക്ക് കിട്ടിയ വലിയ ബഹുമതിയാണെന്ന് വി.ഡി. സതീശൻ പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും മുതിർന്ന നേതാവാണ് പി.ജെ ജോസഫ്. ആ കമ്മിറ്റിയിലെ ഏറ്റവും പ്രായം കുറഞ്ഞയാൾ താനാണ്. യു.ഡിഎഫിന്റെ ഏത് നിർണായക തീരുമാനവും പി.ജെ. ജോസഫിനോട് ആലോചിച്ചാണ് താൻ ഉൾപ്പെടെയുള്ള യു.ഡി.എഫ് നേതൃത്വം എടുക്കുക. അടുത്ത നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും യു.ഡി.എഫിനെ വിജയപ്പിച്ച് പി.ജെ. ജോസഫിനെ ആദരിക്കണമെന്നും വി.ഡി. സതീശൻ പ്രവർത്തകരോടും നേതാക്കളോടും ആവശ്യപ്പെട്ടു. യോഗത്തിൽ ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പ്രൊഫ. എം.ജെ. ജേക്കബ് സ്വാഗതവും എൻ.ഐ. ബെന്നി നന്ദിയും പറഞ്ഞു. ഡീൻ കുര്യാക്കോസ് എം.പി, ഫ്രാൻസിസ് ജോർജ് എം.പി, ഡി.സി.സി പ്രസിഡന്റ് സി.പി മാത്യു, കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ, മുൻ എം.എൽ.എമാരായ ഇ.എം. ആഗസ്തി, ജോസഫ് വാഴയ്ക്കൻ, എ.കെ. മണി, മുൻ ഡി.സി.സി പ്രസിഡന്റുമാരായ ജോയി തോമസ്, റോയി കെ. പൗലോസ്, ഇബ്രാഹിംകുട്ടി കല്ലാർ, കേരളാ കോൺഗ്രസ് സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ്, മുസ്ലിംലീഗ് നേതാക്കളായ ടി.എ. സലിം, കെ.എം.എ ഷുക്കൂർ, സി.എം.പി സംസ്ഥാന സെക്രട്ടറി കെ. സുരേഷ് ബാബു, വിവിധ കക്ഷി നേതാക്കളായ അഡ്വ. തോമസ് പെരുമന, എം. മോനിച്ചൻ, ബ്ലെയ്സ് ജി. വാഴയിൽ, ടി.വി. പാപ്പു, എം.കെ. പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.

ദ്രോഹിക്കുന്നതിൽ സർക്കാർ ഗവേഷണം നടത്തുന്നു: വി.ഡി. സതീശൻ

കർഷകരെയും ജനങ്ങളെയും എങ്ങനെ ദ്രോഹിക്കാമെന്നതിലാണ് സർക്കാർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ ഏജൻസിയായി വനം വകുപ്പ് മാറിയിരിക്കുകയാണ്. വന്യജീവി ആക്രമണങ്ങളിൽ ഈ സർക്കാർ ജനങ്ങളെ വിധിക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. മനുഷ്യർ താമസിക്കുന്ന സ്ഥലമെല്ലാം വനഭൂമിയാണെന്നാണ് ഇപ്പോൾ പറയുന്നത്. സി.എച്ച്.ആർ മേഖലയിലെ പതിനായിരക്കണക്കിന് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ സുപ്രീംകോടതി വിധിയിൽ അനിശ്ചിതത്വം ഉണ്ടാക്കുന്ന തരത്തിലാണ് വനം വകുപ്പ് പ്രവർത്തിക്കുന്നത്. മനുഷ്യൻ താമസിക്കുന്ന സ്ഥലത്താണ് നിയമം ലംഘിച്ചുവെന്ന നോട്ടീസ് നിയമവിരുദ്ധമായി നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.