 വരുമാനം 3.5 ലക്ഷം

തൊടുപുഴ: എക്‌സൈസ് വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായി നടന്ന ഓപ്പൺ ലേലത്തിൽ ജില്ലയിൽ വിറ്റഴിച്ചത് 16 വാഹനങ്ങൾ. ബൈക്ക്, സ്‌കൂട്ടർ, ആട്ടോറിക്ഷ എന്നിവയാണ് ലേലത്തിൽ പോയത്. മോട്ടോർ സൈക്കിൾ- 5, സ്‌കൂട്ടർ- 9, ഓട്ടോറിക്ഷ - 2 എന്നിങ്ങനെയാണ് ലേലം ചെയ്തത്. ലേലത്തിലൂടെ സർക്കാരിന് ലഭിച്ച വരുമാനം 3.5 ലക്ഷമാണ്. ഉപയോഗശൂന്യമായി തുരുമ്പെടുത്ത് നശിക്കേണ്ടിയിരുന്ന വാഹനങ്ങൾക്കാണ് ഇത്രയും തുക ലഭിച്ചത്. മുമ്പ് ഓൺലൈൻ ലേലം നടത്തിയപ്പോൾ 17 വാഹനങ്ങളിൽ എട്ടെണ്ണമാണ് വിറ്റ് പോയത്. എന്നാൽ നേരിട്ടുള്ള ലേലമായപ്പോൾ വിറ്റ വാഹനങ്ങളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. 38 പേരാണ് ഓപ്പൺ ലേലത്തിൽ പങ്കെടുത്തത്. ഉപയോഗ യോഗ്യമാണെങ്കിലും കാലപ്പഴക്കം തോന്നിക്കുന്നത് കൊണ്ടാകാം ലേലത്തിനെടുത്ത മറ്റ് വാഹനങ്ങൾ വിറ്റ് പോകാത്തതെന്നാണ് എക്‌സൈസ് അധികൃതരുടെ വിലയിരുത്തൽ. വിറ്റ് പോകാത്ത വാഹനങ്ങളുടെ മൂല്യം പൊതുമരാമത്ത് വകുപ്പ് മെക്കാനിക്കൽ എൻജിനിയർ പുനർനിർണയിച്ച് വീണ്ടും വിൽപ്പന നടത്തും. അബ്കാരി, എൻ.ഡി.പി.എസ് കേസുകളിലായി എക്‌സൈസ് പിടികൂടിയ 54 വാഹനങ്ങൾ 14നാണ് ലേലം ചെയ്തത്. കുയിലിമലയിലെ ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിലായിരുന്നു ലേലം. പങ്കെടുത്തവരിൽ നിന്ന് നിരതദ്രവ്യമായി 5000 രൂപ കൈപ്പറ്റിയിരുന്നു. ലേലത്തിൽ വാഹനം പിടിക്കാത്തവർക്ക് തുക തിരിച്ച് നൽകുകയും ചെയ്തു. നാല് വാഹനങ്ങളുടെ പണം പൂർണമായും അടച്ചു. ഈ വാഹനങ്ങൾ ഇന്ന് മുതൽ വിട്ട് നൽകും. പകുതി പണം അടച്ചവർക്ക് ഒരുമാസത്തിനുള്ളിൽ പണമടച്ച് വാഹനം സ്വന്തമാക്കാൻ സാവകാശമുണ്ട്. രേഖകൾ ആർ.ടി.ഒ ഓഫീസ് മുഖാന്തിരം ഉടമകളുടെ പേരിലാക്കി കൈമാറും.

ലേലത്തിന് 54 വാഹനങ്ങൾ

ജില്ലാ എക്‌സൈസ് ഡിവിഷനിലെ വിവിധ കേസുകളിൽ ഉൾപ്പെട്ടതും സർക്കാരിലേക്ക് കണ്ട് കെട്ടിയതുമായ ഓട്ടോറിക്ഷ- 11, മോട്ടോർ സൈക്കിൾ - 21, കാർ- 6, സ്‌കൂട്ടർ- 15, പിക്ക് അപ്പ്- 1 എന്നീ വാഹനങ്ങളാണ് പരസ്യമായി ലേലം ചെയ്തത്. അബ്കാരി കേസുകളിലെ 29 വാഹനങ്ങളും എൻ.ഡി.പി.എസ് കേസുകളിലെ 25 വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഡിസ്‌പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരമായിരുന്നു ലേല നടപടികൾ. ഡെപ്യൂട്ടി കമ്മിഷണർ, അസി. എക്‌സൈസ് കമ്മിഷണർ, സ്‌പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ എന്നിവരടങ്ങുന്നതാണ് ഡിസ്‌പോസൽ കമ്മിറ്റി.