തൊടുപുഴ: തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിലെ ഗുരുതര ക്രമക്കേടുകൾ ബി.ജെ.പി- സി.പി.എം രഹസ്യ ബാന്ധവത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എസ്. അശോകൻ പറഞ്ഞു. വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിന് ഇലക്ഷൻ കമ്മീഷൻ നിശ്ചയിച്ചിട്ടുള്ള കാലയളവിലെ അവസാന ദിവസങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ മതിയായ അന്വേഷണം നടത്താതെ അംഗീകരിക്കുകയോ നിരസിക്കുകയോ ചെയ്യുന്നത് സർവ്വ സാധാരണമാണ്. പ്രത്യേകമായ ഈ സാഹചര്യം മുതലെടുത്താണ് അവസാന ദിവസങ്ങളിൽ ബി.ജെ.പി വ്യാപകമായി വോട്ടർ പട്ടികയിൽ പേര് ചേർത്തത്. തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്ന പ്രക്രിയക്ക് ചുമതല ഉണ്ടായിരുന്ന ഉദ്യോഗസ്ഥൻമാരിൽ മഹാഭൂരിപക്ഷവും സി.പി.എം നിയന്ത്രണത്തിലുള്ള സർവ്വീസ് സംഘടനകളിലെ അംഗങ്ങളാണ്. സി.പി.ഐ സ്ഥാനാർത്ഥിയെ സി.പി.എം അക്ഷരാർത്ഥത്തിൽ വഞ്ചിച്ചുവെന്നാണ് വോട്ടർ പട്ടികയിലെ തിരിമറിയിൽ നിന്ന് വ്യക്തമാകുന്നത്. ബി.ജെ.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും തനിയെ വോട്ടർ പട്ടികയിൽ തിരിമറി നടത്താനാവില്ല. സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒത്താശയോടെയാണ് ബി.ജെ.പി വോട്ടർ പട്ടികയിൽ തിരിമറി നടത്തിയത്. വോട്ടർ പട്ടിക അട്ടി മറിച്ചതിനു പിന്നിലെ ഗൂഢാലോചനയെ പറ്റി ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.