തൊടുപുഴ: കുമാരമംഗംലം ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റിന്റെ കസേരയിൽ വാഴ വെച്ച സംഭവത്തിൽ എട്ട് സി.പി.എം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. കല്ലൂർക്കാട്, കുമാരമംഗലം പഞ്ചായത്തുകളുടെ അതിർത്തിയായ കലൂരിൽ കഴിഞ്ഞ വ്യാഴാഴ്ച തെരുവുനായ ആക്രമണത്തിൽ അഞ്ച് പേർക്ക് നായയുടെ കടിയേറ്റിരുന്നു. ഇതിന്റെ പേരിൽ പ്രതിഷേധവുമായെത്തിയ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർ കുമാരമംഗലം പഞ്ചായത്ത് ഓഫീസിൽ അതിക്രമിച്ച് കയറി പഞ്ചായത്ത് പ്രസിഡന്റിന്റെ കസേരയിൽ വാഴ വയ്ക്കുകയായിരുന്നു. സംഭവത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് തൊടുപുഴ പൊലീസിൽ പരാതി നൽകി. തുടർന്ന് പ്രസിഡന്റിന്റെയും മെമ്പർമാരുടെയും ജീവനക്കാരുടെയും മൊഴി എടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ട് സി.പി.എം പ്രവർത്തകർക്കെതിരെ കേസ് എടുത്തത്. സി.പി.എം കുമാരമംഗലം ലോക്കൽ സെക്രട്ടറി ബിജു ഒഴുകയിൽ, മുൻ ലോക്കൽ സെക്രട്ടറി മനോജ് കുന്നേൽ, പ്രവർത്തകരായ ഷെമീർ നെല്ലിക്കുന്നേൽ, തൻവീർ കളപ്പുരയിൽ, അൽത്താഫ് കളപ്പുരയിൽ, ഹാരിസ് കൈനിക്കൽ, ശരത്, ഫൈസൽ എന്നിവർക്കെതിരെയാണ് കേസ്.