പന്നിമറ്റം : വെള്ളിയാമറ്റം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ കർഷക ദിനം ആചരിച്ചു. വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടിയുടെ അദ്ധ്യക്ഷതയിൽ നടന്ന ദിനാഘോഷം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ പ്രൊഫ. എം.ജെ. ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന കർഷകൻ തങ്കച്ചൻ പി.ഡി., മികച്ച വനിതാ കർഷക ഡോമിനാ സണ്ണി ചോതിരക്കോട്ട്, മികച്ച വിദ്യാർത്ഥി കർഷക ലിന്റ ജോർജ്ജ് പുളിക്കൽ, മികച്ച കർഷക തൊഴിലാളി ശങ്കരൻ സി. കെ. ചവറനാനിക്കൽ, മികച്ച എസ്. സി കർഷക അംബിക രാധാകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ സ്വാഗതവും, കൃഷി അസിസ്റ്റന്റ് ബിജു പി.എൻ. നന്ദിയും പറഞ്ഞു.