 പ്രധാന പാതകളിൽ അനധികൃത പാർക്കിംഗ് തകൃതി


തൊടുപുഴ: ഓണക്കാലമടുത്തതോടെ ഗതാഗതക്കുരുക്കിൽ വീർപ്പ്മുട്ടി തൊടുപുഴ നഗരം. നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ ബാഹുല്യം വർദ്ധിച്ചതിനൊപ്പം പര്യാപ്തമായ വാഹന പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്താത്തതും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. അമ്പലം ബൈപ്പാസ്, പ്രൈവറ്റ് സ്റ്റാൻഡ് ജംഗ്ഷൻ, കെ.എസ് ആർ.ടി.സി ജംഗ്ഷൻ, കിഴക്കേയറ്റം, മൗണ്ട് സീനായ് ജംഗ്ഷൻ, വെങ്ങല്ലൂർ ഷാപ്പുംപടി ജംഗ്ഷൻ, മാർക്കറ്റ് റോഡ് എന്നിവിടങ്ങളിലാണ് കൂടുതലായും വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്. മറ്റിടങ്ങളിലും അവസ്ഥ സമാനമാണ്. വസ്ത്ര വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിലും ബേക്കറി, റസ്റ്റോറന്റ് മുതലായവയ്ക്ക് മുന്നിലുമാണ് കൂട്ടത്തോടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ ഉപഭോക്താക്കളല്ലാത്തവരും ഇത്തരത്തിൽ വാഹനം പാർക്ക് ചെയ്യുന്നത് വ്യാപാരികൾക്കും തലവേദനയാണ്. കച്ചവട സ്ഥാപനങ്ങൾക്ക് മുമ്പിൽ വാഹനം പാർക്ക് ചെയ്ത് മറ്റ് ആവശ്യങ്ങൾക്ക് നഗരത്തിൽ കറങ്ങുന്നവരുമുണ്ട്. ഫുട്പാത്തിലും സീബ്രാ ലൈനിലുമൊക്കെയുള്ള അനധികൃത പാർക്കിംഗിനെതിരെ ട്രാഫിക് പൊലീസ് നടപടി സ്വീകരിക്കുന്നുണ്ടെങ്കിലും ഒരു പരിധി കഴിഞ്ഞാൽ ഇത്തരം നിയന്ത്രണങ്ങൾ ഫലപ്രദമല്ല. പണം നൽകി വാഹനം പാർക്ക് ചെയ്യാൻ സൗകര്യമുള്ളിടത്തും റോഡിൽ തന്നെ വണ്ടിയിടുന്ന അസ്ഥയാണ്. സ്വകാര്യ ബസ് സ്റ്റാൻഡിലും കെ.എസ്.ആർ.ടി.സി ജംഗ്ഷനിലും ഗാന്ധി സ്‌ക്വയറിലും ഇതിനുള്ള സൗകര്യമുണ്ടെങ്കിലും പണം നൽകേണ്ടതിനാൽ പലരും റോഡിലൊതുക്കുന്നതാണ് രീതി. റോഡരുകിൽ വാഹനമൊതുക്കി എറണാകുളം അടക്കമുള്ള ദൂരെ സ്ഥലങ്ങളിലേക്ക് പോയി വന്നിരുന്ന വിരുതന്മാരും ധാരാളമുണ്ടായിരുന്നു.

ഗതാഗതക്കുരുക്കും

രൂക്ഷമാകുന്നു
തിരക്കേറിയതോടെ നഗരത്തിൽ പലപ്പോഴും ഗതാഗതക്കുരക്ക് രൂക്ഷമാണ്. ഇതിനൊപ്പം തിരക്കേറിയ സ്ഥലങ്ങളിൽ ആവശ്യമായ പൊലീസിനെ നിയോഗിക്കാത്തതും പ്രതിസന്ധി കൂട്ടുന്നു. തിരക്കുള്ള സമയങ്ങളിൽ വാഹനയാത്രികർ തങ്ങൾക്ക് തോന്നുംപടി സഞ്ചരിക്കുന്നത് പലപ്പോഴും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. വാഹനങ്ങൾ തമ്മിൽ കൂട്ടിമുട്ടിയുള്ള വാക്ക് തർക്കവും നിത്യസംഭവമാണ്.

മാർക്കറ്റിൽ

കടക്കാനാകില്ല
ഓണവിപണി സജീവമായതോടെ മാർക്കറ്റിനുള്ളിൽ കാൽനട യാത്ര പോലും സാധ്യമല്ലാത്ത അവസ്ഥയാണ്. ഇതിന് പുറമേ നഗരത്തിലെ തിരക്കിൽപ്പെടാതെ കോതായിക്കുന്ന് ബൈപ്പാസിലേക്ക് എത്താൻ എളുപ്പവഴിയായി കരുതി എത്തുന്നവരും ഈ വഴിയിലെത്തുന്നതോടെ ഇവിടെ മിക്കസമയങ്ങളിലും ഗതാഗതക്കുരുക്കാണ്. വീതി കുറഞ്ഞ റോഡിൽ ചരക്ക് വാഹനങ്ങൾക്ക് പുറമേ സ്വകാര്യവാഹനങ്ങൾ കൂടി നിറുത്തിയിടുന്നതാണ് തിരക്കിനുള്ള പ്രധാന കാരണം.

'തിരക്ക് നിയന്ത്രിക്കുന്നതിനായി കൂടുതൽ പൊലീസിനെ നിയോഗിക്കും. സ്വകാര്യ ബസ് സ്റ്റാൻഡ് ഭാഗത്തുള്ള തിരക്ക് കുറയ്ക്കാൻ പാലാ ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങളുടെ സ്റ്റോപ്പ് താത്കാലികമായി കുറച്ച് പിന്നിലേക്ക് ആക്കും. ഐ.എം.എ റോഡ് വൺവേയാക്കിയും ഗതാഗതം നിയന്ത്രിക്കും. നഗരത്തിൽ വളരെയധികം വാഹനങ്ങളാണ് എത്തുന്നത്. ഒരു പരിധി കഴിഞ്ഞുള്ള നിയന്ത്രണം ഫലപ്രദമല്ല"

-(ട്രാഫിക് ഇൻസ്‌പെക്ടർ, തൊടുപുഴ)