കോലാനി: കോലാനി ജനരഞ്ജിനി വായനശാലയുടെ സഹകരണത്തോടെ മേരാ യുവഭാരത് ഇടുക്കി, ജില്ലാ യൂത്ത് ക്ലബ്ബ് എന്നിവയുമായി ചേർന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. വായനശാല പ്രസിഡന്റ് എൻ. രവീന്ദ്രൻ പതാക ഉയർത്തി. ജില്ലാ സൈക്ലിംഗ് അസോസിയേഷനുമായി ചേർന്ന് തൊടുപുഴ മുനിസിപ്പാലിറ്റിയിലേക്ക് നടത്തിയ സൈക്കിൾറാലി ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ജോർളി കുര്യൻ ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ സെക്രട്ടറി എ.പി. മുഹമ്മദ് ബഷീർ, ലൈബ്രറി ഭാരവാഹികളായ ജെനീബ് ജി. നായർ, ആദർശ് വി.ആർ., കെ. രാജേഷ് തുടങ്ങിയവർ റാലിക്ക് നേതൃത്വം നൽകി. ക്വിസ് മത്സരത്തിന് റിഫാന മുബറക്, രശ്മി കെ.ജി. എന്നിവരും ചിത്ര രചനാ മത്സരത്തിന് ആർട്ടിസ്റ്റ് പ്രശാന്ത് മോർപ്പിള്ളിലും നേതൃത്വം നല്കി. വൈകിട്ട് നടന്ന സമാപനസമ്മേളനം തൊടുപുഴ മുൻസിപ്പൽ ചെയർമാൻ കെ. ദീപക് ഉദ്ഘാടനം ചെയ്തു.