കോൺക്രീറ്റ് പാലം നിർമാണം വൈകുന്നു: തടിപ്പാലത്തിലൂടെ നാട്ടുകാർക്ക് സാഹസിക യാത്ര
കട്ടപ്പന: കാഞ്ചിയാർ കക്കാട്ടുകട തോവരയാർ കുഴിയോടിപ്പടിയിലെ കോൺക്രീറ്റ് പാലം നിർമാണം നിലച്ചതോടെ നാട്ടുകാർക്ക് യാത്രാദുരിതം. തടിയും മറ്റും ഉപയോഗിച്ച് നിർമിച്ച താൽക്കാലിക പാലത്തിലെയാണ് നാട്ടുകാർ അക്കരെയിക്കരെ കടക്കുന്നത്. ഇവിടുത്തെ പാലം രണ്ടരവർഷം മുമ്പാണ് പൊളിച്ചുനീക്കിയത്. മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടിൽനിന്ന് 35 ലക്ഷം രൂപ കോൺക്രീറ്റ് പാലം നിർമിക്കാൻ അനുവദിച്ചിരുന്നു. മണ്ണ് പരിശോധനയിൽ നിശ്ചിത താഴ്ചയിൽ പാറയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ കൂടുതൽ ഫണ്ട് ആവശ്യമായിവന്നു. തുടർന്ന് പഞ്ചായത്തംഗം ഷാജി വേലംപറമ്പിൽ 13 ലക്ഷം കൂടി അനുവദിച്ച് ടെൻഡർ പൂർത്തിയാക്കി. നിർമാണം ആരംഭിച്ചപ്പോഴാണ് പാറയുടെ സ്ഥാനം അഞ്ചര അടി താഴെയാണെന്ന് വ്യക്തമായത്. തുടർന്ന് 74 ലക്ഷം രൂപയായി എസ്റ്റിമേറ്റ് തുക പുതുക്കി. ബാക്കിത്തുക ജില്ലാ പഞ്ചായത്തിൽനിന്ന് വകയിരുത്തിയെങ്കിലും ഡിസൈനിൽ വീണ്ടും മാറ്റം വേണമെന്ന് ഉദ്യോഗസ്ഥരും നിലപാടെടുത്തു. ഡിസൈൻ മാറ്റിയതോടെ എസ്റ്റിമേറ്റ് തുക ഒരു കോടിയായി. 35 ലക്ഷം ഉപയോഗിച്ച് ഇരുവശങ്ങളിലും അടിത്തറയും തൂണുകളുടെ കുറച്ചുഭാഗവും നിർമിച്ചെങ്കിലും ബാക്കി പണമില്ലാത്തതിനാൽ നിർമാണം നിലച്ചു.
'വിദ്യാർത്ഥികൾ ഉൾപ്പെടെ തോടിനുകുറുകെയുള്ള നടപ്പാലത്തിലൂടെ ഭീതിയോടെയാണ് കടന്നുപോകുന്നത്. അടിയന്തരമായി പാലത്തിന്റെ നിർമാണം പൂർത്തീകരിക്കാൻ നടപടിവേണം'
തൊവരയാർ പള്ളി വികാരി
ഫാ. ജോൺ മുണ്ടക്കാട്ട് .