മൂന്നാർ: കനത്തമഴയിൽ മൂന്നാർ ആർ.ഒ ജംഗ്ഷന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് വഴിയോരക്കടകൾ തകർന്നു. ഇന്നലെ പുലർച്ചെയാണ് ദിവസങ്ങൾക്ക് മുമ്പ് മണ്ണിടിഞ്ഞ് അപകടമുണ്ടായതിന് സമീപം തന്നെ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായത്. ഇവിടെ റോഡിനോട് ചേർന്ന് മുകൾ ഭാഗത്ത് വലിയ തിട്ടയാണ്. മുകളിൽ നിന്ന് മണ്ണിടിഞ്ഞെത്തിയതിനെ തുടർന്ന് അന്നും കടകൾ തകർന്നിരുന്നു. ആദ്യ മണ്ണിടിച്ചിലിന് ശേഷം കടകൾ തുറക്കരുതെന്ന് നിർദ്ദേശം നൽകിയിരുന്നു. കടകൾ അടഞ്ഞ് കിടന്നിരുന്നതിനാൽ മറ്റപകടങ്ങൾ ഒഴിവായി. മണ്ണിടിഞ്ഞെങ്കിലും ഗതാഗതം തടസപ്പെട്ടില്ല. സംഭവത്തെ തുടർന്ന് ദേവികുളം സബ് കളക്ടർ വി.എ. ആര്യ പ്രദേശം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വഴിയോര കടകൾക്കൊപ്പം വിനോദ സഞ്ചാരികൾ വാഹനങ്ങൾ നിറുത്തിയിടുന്ന പ്രദേശം കൂടിയാണിവിടം. മഴ തുടർന്നാൽ പ്രദേശത്ത് ഇനിയും മണ്ണിടിച്ചിലിനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. ഈ ഭാഗത്ത് വളർന്ന നിൽക്കുന്ന മരങ്ങൾ അപകടാവസ്ഥ ഉയർത്തുന്നുവെന്ന പരാതി കഴിഞ്ഞ കുറേക്കാലങ്ങളായി നിലനിൽക്കുന്നതാണ്. ഇതിനൊപ്പമാണിപ്പോൾ രണ്ട് തവണ ഈ ഭാഗത്ത് മണ്ണിടിച്ചിലുണ്ടായത്.