മൂന്നാർ: കൊച്ചി- ധനുഷ്‌കോടി ദേശീയപാതയിൽ ദേവികുളത്ത് ഇടിഞ്ഞ മണ്ണ് നീക്കാൻ നടപടിയില്ല. ആദ്യം കുറച്ച് ഭാഗത്ത് മാത്രമായിരുന്നു മണ്ണ് ഉണ്ടായിരുന്നത്. എന്നാൽ ഇതിന് ശേഷം പെയ്ത ശക്തമായ മഴയിൽ മണ്ണ് കൂടുതൽ റോഡിലേയ്ക്ക് ഒലിച്ചെത്തി. ഇതോടെ ഇപ്പോൾ ഒരു വാഹനത്തിന് മാത്രം കഷ്ടിച്ച് കടന്ന് പോകാൻ കഴിയുന്ന അവസ്ഥയാണ്. ഇതിന് താഴ്ഭാഗത്തായി നിരവധി വീടുകളാണ് സ്ഥിതി ചെയ്യുന്നത്. അടിയന്തരമായി മണ്ണ് നീക്കം ചെയ്തില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ മഴ തുടർന്നാൽ റോഡിൽ നിന്ന് മണ്ണ് വീടുകൾക്ക് മുകളിലേയ്ക്ക് പതിക്കും. മണ്ണ് നീക്കുന്നതിന് നടപടി ആവശ്യപ്പെട്ട് നിരവധി തവണ നാട്ടുകാർ പരാതി നൽകിയെങ്കിലും ദേശീയപാത അധികൃതർ ഇത് കണ്ട ഭാവമില്ല. റോഡിലെ മണ്ണ് കാരണം എതിരെ വരുന്ന വാഹനങ്ങൾ കാണാൻ കഴിയാത്തത് അപകട സാദ്ധ്യതയുണ്ടാക്കുന്നുണ്ട്.