ഇടുക്കി: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിത കമ്മീഷൻ അദ്ധ്യക്ഷ പി. സതീദേവി. സംസ്ഥാനത്ത് ആദ്യമായി വനംവകുപ്പിലെ വനിത ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് മൂന്നാറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമ്മീഷൻ അദ്ധ്യക്ഷ.
വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രശ്ന പരിഹാരത്തിനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കുന്നതിനുമായാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്.
2017 മുതലാണ് വനിതകളെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികയിൽ നിയമിച്ചു തുടങ്ങിയത്. സംസ്ഥാനത്ത് ആകെയുള്ള 3126 ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരിൽ 700 പേർ വനിതകളാണ്. വനവും വനങ്ങളുടെ ആവാസ വ്യവസ്ഥയും സംരക്ഷിക്കുന്ന ശ്രമകരമായ ജോലിയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരുടേത്. അവരുടെ ജോലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, തൊഴിലിടത്തിൽ ലഭ്യമാകേണ്ട പ്രാഥമിക സൗകര്യങ്ങൾ, ആരോഗ്യ പരിരക്ഷ, തൊഴിലിടത്തിലെ സുരക്ഷ തുടങ്ങിയ കാര്യങ്ങളാണ് ഹിയറിംഗിൽ ഉയർന്നുവന്നത്. പൊലീസിലും എക്‌സൈസിലും ഫയർഫോഴ്സിലും സ്ത്രീകളുടെ സാന്നിദ്ധ്യമുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിൽ തൊഴിലെടുക്കുന്ന സ്ത്രീകൾക്ക് നിയമപരമായ സംരക്ഷണം ഉറപ്പാക്കുകയാണ് വനിത കമ്മീഷന്റെ ലക്ഷ്യമെന്ന് സതീദേവി പറഞ്ഞു. ജില്ലയിലെ വിവിധ റേഞ്ചുകളിൽ നിന്നുള്ള വനിതാ ബീറ്റ് ഓഫീസർമാരും വാച്ചർമാരുമാണ് പബ്ലിക് ഹിയറിംഗിൽ പങ്കെടുത്തത്. ആദ്യമായാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കായി പബ്ലിക് ഹിയറിംഗ് നടത്തുന്നത്. തൊഴിലിടങ്ങളിലെ സാഹചര്യം സംബന്ധിച്ച് വനിതാ ഓഫീസർമാർ നടത്തിയ തുറന്നു പറച്ചിൽ പരിശോധിക്കും. പബ്ലിക് ഹിയറിംഗിൽ ഉയർന്ന വിഷയങ്ങൾ പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുമെന്നും പി. സതീദേവി പറഞ്ഞു. മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ
വനിത കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി അദ്ധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി. ആർ. മഹിളാമണി, ഡയറക്ടർ ഷാജി സുഗുണൻ, മൂന്നാർ ഡി.എഫ്.ഒ സാജു വർഗീസ്, വനിത കമ്മീഷൻ റിസർച്ച് ഓഫീസർ എ. ആർ. അർച്ചന എന്നിവർ പങ്കെടുത്തു.