കട്ടപ്പന: ചപ്പാത്ത് കരിന്തരുവി പാലത്തിനടിയിൽ മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി. ചീന്തലാർ രണ്ടാംഡിവിഷൻ സ്വദേശി ഷൺമുഖവേൽ പാണ്ഡ്യൻ (ജയൻ) ആണ് മരിച്ചത്. വീട്ടുകാരുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ ഇദ്ദേഹം വർഷങ്ങളായി പാലത്തിനടിയിലാണ് താമസിച്ചിരുന്നത്. പ്രദേശവാസികളുമായി അടുത്ത സൗഹൃദം പുലർത്തിയിരുന്നു. പലപ്പോഴും മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു. കരിന്തരുവിയിലെ കടയിൽ എല്ലാദിവസവും രാവിലെ ചായ കുടിക്കാൻ എത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ കാണാത്തതിൻെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയിൽ കണ്ടത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. പോസ്റ്റ്‌മോർട്ടത്തിനശേഷം മൃതദേഹം സംസ്‌കരിക്കും.