മൂന്നാർ: ഒരിടവേളക്ക് ശേഷം മൂന്നാർ മേഖലയിൽ വീണ്ടും മോഷണം.രണ്ടിടങ്ങളിലാണ് മോഷണം നടന്നത്.അരുവിക്കാട് എസ്‌റ്റേറ്റ് സെന്റർ ഡിവിഷനിൽ മാരിയമ്മൻ ക്ഷേത്രത്തിൽ മോഷണം നടന്നു.ക്ഷേത്രത്തിന്റെ പൂട്ട് തകർത്ത് വിഗ്രഹത്തിൽ ചാർത്തിയിരുന്ന നാല് പവൻ തൂക്കം വരുന്ന സ്വർണ്ണമാല മോഷ്ടാവ് കവർന്നു.ക്ഷേത്രത്തിന്റെ ഭണ്ഡാരം തകർത്ത് ഉള്ളിലുണ്ടായിരുന്ന പണവും മോഷ്ടാവ് കൈക്കലാക്കി.ക്ഷേത്രത്തിൽ സൂക്ഷിച്ചിരുന്ന പഴയ നാണയങ്ങളുടെ ശേഖരവും കള്ളൻ കവർന്നു.പണമടക്കം നാല് ലക്ഷത്തോളം രൂപയുടെ മോഷണം ക്ഷേത്രത്തിൽ നടന്നതായാണ് ക്ഷേത്രം ഭാരവാഹികൾ നൽകുന്ന വിവരം.സംഭവത്തിൽ ക്ഷേത്രം ഭാരവാഹികൾ ദേവികുളം പൊലീസിൽ പരാതി നൽകി.
മൂന്നാർ എക്കോ പോയിന്റിലാണ് മറ്റൊരു മോഷണം നടന്നിട്ടുള്ളത്.പ്രദേശത്തെ ഒരു വഴിയോര വിൽപ്പന കേന്ദ്രത്തിലാണ് മോഷ്ടാവ് കയറിയത്.വഴിയോര കച്ചവടക്കാരനായ ശേഖറിന്റെ കടയിലാണ് മോഷണം നടന്നത്.കടയിലുണ്ടായിരുന്ന പണവും മറ്റ് ചില സാധന സാമഗ്രികളും കള്ളൻ അപഹരിച്ചു.നാളുകൾക്ക് മുമ്പ് തോട്ടം മേഖലയിലെ ആരാധനാലയങ്ങൾ കേന്ദ്രീകരിച്ചും വഴിയോര വിൽപ്പന ശാലകളിലും കള്ളൻ കയറുന്ന സംഭവങ്ങൾ വർധിച്ചിരുന്നു.പോലീസ് ജാഗ്രത കടുപ്പിച്ചതോടെ മോഷണ സംഭവങ്ങൾ കുറഞ്ഞിരുന്നു.ഇടവേളക്ക് ശേഷമാണിപ്പോൾ വീണ്ടും സമാന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്