ഇടുക്കി: ദിവസങ്ങളായി തുടരുന്ന മഴയ്ക്ക് ഇന്നലെ അൽപ്പം ശമനമുണ്ടായെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്കിന് കാര്യമായ കുറവില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ഇടുക്കിയിലേക്ക് 28.74 ദശലക്ഷം യൂണിറ്റ് വൈദ്യുതിക്കുള്ള വെള്ളമാണ് 24 മണിക്കൂറിനുള്ളിൽ അണക്കെട്ടിൽ ഒഴുകിയെത്തിയത്. ഡാമിലെ ജലനിരപ്പ് നാല് ദിവസം കൊണ്ട് നാലടിയിലേറെ ഉയർന്നു. ഇന്നലെ 2380.9 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 75 ശതമാനമാണിത്. 2403 അടിയാണ് പരമാവധി സംഭരണശേഷി. പദ്ധതിയുടെ വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. 20 മില്ലിമീറ്റർ മഴയാണ് ഇന്നലെ വൃഷ്ടിപ്രദേശത്ത് ലഭിച്ചത്. 50 മില്ലിമീറ്റർ മഴയായിരുന്നു തിങ്കളാഴ്ച പെയ്തത്. ജലനിരപ്പ് കൂടുന്ന സാഹചര്യത്തിൽ മൂലമറ്റം പവ‌ർഹൗസിൽ വൈദ്യുതി ഉത്പാദനം കൂട്ടിയിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട്

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് ഒരടിയിലേറെ കൂടി 134.85 ലെത്തി. 142 അടിയാണ് അനുവദനീയമായ സംഭരണശേഷി. ഡാമിലേക്ക് ഒഴുകിയെത്തുന്ന ജലത്തിന്റെ അളവ് കൂടി. 2769 ഘനയടി ജലമാണ് ഡാമിലേക്ക് ഒഴുകിയെത്തുന്നത്. തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് 1000 ഘനയടിയാണ്. വൈഗയും പരമാവധി സംഭരണ ശേഷിയോട് അടുക്കുകയാണ്. ജില്ലയിലെ പുഴകളിലും അരുവികളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും ശക്തമായ മഴ തുടർന്നാൽ കൂടുതൽ അണക്കെട്ടുകൾ പരമാവധി സംഭരണശേഷിയിലേക്കെത്തും.

മൂന്ന് ചെറുഡാമുകൾ

തുറന്നിരിക്കുന്നു

ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ച മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ അണക്കെട്ടുകൾ ഉൾപ്പെടെ ജില്ലയിലെ ചെറുഡാമുകളിൽ ജലനിരപ്പ് കൂടി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ നീരൊഴുക്ക് വർദ്ധിച്ചതാണ് ജലനിരപ്പ് ഉയരാൻ ഇടയാക്കിയിട്ടുള്ളത്. നിലവിൽ കല്ലാർകുട്ടി, മാട്ടുപ്പെട്ടി, ലോവർ പെരിയാർ അണക്കെട്ടുകളുടെ ഷട്ടറുകൾ ഉയർത്തി വെള്ളം പുറത്തേക്കൊഴുക്കുന്നുണ്ട്.