തൊടുപുഴ: ബേബി മെമ്മോറിയൽ ആശുപത്രിയിൽ തലയോട്ടിയിലെ ട്യൂമർ മുറിവില്ലാതെ മൂക്കിലൂടെ നീക്കം ചെയ്തു. തലച്ചോറിലേക്കും കണ്ണിലേക്കും വ്യാപിച്ച അപൂർവയിനം സൈനോ നേസൽ ട്യൂമർ ബാധിച്ച 46 വയസുകാരിയിലാണ് വിജയകരമായി ശസ്ത്രക്രിയ നടത്തിയത്. ജില്ലയിൽ ഇത് ആദ്യമായാണ് മൂക്കിലൂടെ താക്കോൽദ്വാര ശസ്ത്രക്രിയ വിജയകരമായി നടത്തുന്നത്. മണം തിരിച്ചറിയാനുള്ള കഴിവു നഷ്ടപ്പെട്ടതിനെ തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ മൂക്ക്, സൈനസുകൾ, തലച്ചോറ്, കണ്ണ് എന്നീ ഭാഗങ്ങളെ ബാധിക്കുന്ന ട്യൂമർ കണ്ടെത്തുകയായിരുന്നു. സാധാരണയായി ഇത്തരം ട്യൂമറുകൾ മുഖമോ തലയോട്ടിയോ തുറന്നുള്ള ശസ്ത്രക്രിയയിലൂടെയാണ് നീക്കം ചെയ്തിരുന്നത്. ഇത് മുഖത്ത് പാടുകൾ അവശേഷിപ്പിക്കാനും രോഗമുക്തിക്ക് കൂടുതൽ സമയമെടുക്കാനും കാരണമാകുമായിരുന്നു. എന്നാൽ, മൂന്ന് മണിക്കൂർ മാത്രം നീണ്ട ശസ്ത്രക്രിയയിലൂടെ, പുറമേ മുറിവുകളോ പാടുകളോ ഇല്ലാതെ ട്യൂമർ പൂർണ്ണമായും നീക്കം ചെയ്യാൻ തൊടുപുഴ ബി.എം.എച്ചിലെ ഡോക്ടർമാർക്ക് കഴിഞ്ഞു. ഇ.എൻ.ടി സ്‌കൾ ബേസ് സർജന്മാരായ ഡോ. സാനു പി. മൊയ്തീൻ, ഡോ. ഡേവിസ് തോമസ് എന്നിവരാണ് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയത്. ശസ്ത്രക്രിയ കഴിഞ്ഞ് തൊട്ടടുത്ത ദിവസം തന്നെ രോഗിയെ ഡിസ്ചാർജ് ചെയ്തു. അവർ വളരെ വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്തു. അതിനൂതന താക്കോൽദ്വാര ശസ്ത്രക്രിയകളിലൂടെ, തലയോട്ടി തുറക്കാതെ തന്നെ തലച്ചോറിനോടും കണ്ണിനോടും ചേർന്നുള്ള ട്യൂമറുകൾ സുരക്ഷിതമായി നീക്കാനാകും. ഇതുവഴി ശസ്ത്രക്രിയയുടെ സങ്കീർണ്ണതകളും രോഗമുക്തിക്ക് ആവശ്യമായ സമയവും വലിയ തോതിൽ കുറയ്ക്കാൻ സാധിക്കുമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ. സാനു പി. മൊയ്തീൻ പറഞ്ഞു. ഇ.എൻ.ടി, ഹെഡ് & നെക്ക് ഓങ്കോസർജറി വിഭാഗത്തിന് കീഴിലുള്ള സ്‌കൾ ബേസ് സർജറി യൂണിറ്റ്, ന്യൂറോസർജറി, ഇന്റർവെൻഷണൽ റേഡിയോളജി തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയോടെ അതിനൂതനമായ സ്‌കൾ ബേസ്, കാൻസർ ശസ്ത്രക്രിയകൾ പതിവായി നടത്താറുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.